പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പക; അച്ഛൻ മകളെ പീഡിപ്പിച്ച് കൊന്നു; ഭർത്താവ് തൂങ്ങി മരിച്ച നിലയിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st November 2021 02:28 PM |
Last Updated: 21st November 2021 02:28 PM | A+A A- |

പ്രതീകാത്മക ചിത്രം
ഭോപ്പാൽ: പിതാവ് പീഡിപ്പിച്ചു കൊന്ന യുവതിയുടെ ഭർത്താവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 21 കാരനായ യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മധ്യപ്രദേശിലെ സീഹോർ ജില്ലയിലാണ് സംഭവം. വെള്ളിയാഴ്ചയാണ് 21കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഒരു വർഷം മുൻപാണ് യുവതിയും യുവാവും പ്രണയിച്ചു വിവാഹം കഴിച്ചത്. നവംബർ നാലിന് ഇവരുടെ ആറുമാസം പ്രായമായ ആൺകുട്ടി അസുഖം ബാധിച്ച് മരിച്ചു. കൊല്ലപ്പെട്ട യുവതി, സഹോദരിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. കുട്ടിയെ സംസ്കരിക്കുന്നതിന് സഹോദരി പിതാവിനെയും സഹോദരനെയും വിളിച്ചുവരുത്തി.
കുട്ടിയെ സംസ്കരിക്കാൻ പോകുന്നതിനിടെ സമാസ്ഗാവ് വനത്തിൽ വച്ച് പിതാവ് മകളെ പീഡിപ്പിച്ച് കൊല്ലുകയായിരുന്നു. വനത്തിനു പുറത്തു കാത്തു നിന്ന മകനോട്, മകളെ കൊലപ്പെടുത്തിയ കാര്യം പറഞ്ഞു. ഫോറസ്റ്റ് ഗാർഡ് ആണ് വനത്തിൽ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്.
കൊല്ലപ്പെട്ട യുവതിയുടെ പിതാവ് കുറ്റം സമ്മതിച്ചു. കുടുംബത്തിന് ഇഷ്ടമില്ലാത്ത ആളെ വിവാഹം ചെയ്തതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇയാൾ പറഞ്ഞു. യുവാവിന്റെ മരണത്തെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.