ആന്ധ്രയില്‍ ശമനമില്ലാതെ കനത്തമഴ, റയല ചെരിവില്‍ വിള്ളല്‍; പെന്നാ നദി കരകവിഞ്ഞു, ആയിരക്കണക്കിന് വീടുകള്‍ വെള്ളത്തില്‍, ട്രാക്കുകളും റോഡുകളും മുങ്ങി- വീഡിയോ
By സമകാലിക മലയാളം ഡെസ്ക് | Published: 22nd November 2021 01:00 PM |
Last Updated: 22nd November 2021 01:00 PM | A+A A- |

നെല്ലൂരില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റുന്നു
ഹൈദരാബാദ്: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി തുടര്‍ച്ചയായി പെയ്ത കനത്തമഴയില്‍ വെള്ളപ്പൊക്കം ഉണ്ടായ ആന്ധ്രാപ്രദേശിലെ നെല്ലൂരിലും രായലസീമയിലും ദുരിതം തുടരുന്നു. ചിറ്റൂരിലെ 500 വര്‍ഷം പഴക്കമുള്ള അണക്കെട്ടായ റയല ചെരിവ് ജലസംഭരണിയില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സമീപത്തെ 20 ഗ്രാമങ്ങള്‍ അടിയന്തരമായി ഒഴിപ്പിച്ചു. ജലസംഭരണി അപകടാവസ്ഥയിലാണെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. അതിനിടെ കനത്തമഴയില്‍ മരണസംഖ്യ 35 ആയി ഉയര്‍ന്നു.
നെല്ലൂരില്‍ പെന്നാ നദി കരകവിഞ്ഞൊഴുകുകയാണ്. ചെന്നൈയിലേക്കുള്ള റെയില്‍, റോഡ് ഗതാഗതം തടസ്സപ്പെട്ടു. വലിയ തോതിലുള്ള നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പെന്നാ നദി കരകവിഞ്ഞതോടെ, റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറി. നെല്ലൂര്‍- പദുഗുപാട് പാതയില്‍ ട്രാക്കിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വിജയവാഡ ഡിവിഷന് കീഴില്‍ ട്രാക്കുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ച പശ്ചാത്തലത്തില്‍ ദക്ഷിണേന്ത്യയുമായി ബന്ധിപ്പിക്കുന്ന വിവിധ എക്‌സ്പ്രസ് ട്രെയിനുകള്‍ സൗത്ത് സെന്‍ട്രല്‍ റെയില്‍വേ റദ്ദാക്കുകയും വഴിത്തിരിച്ചുവിടുകയും ചെയ്തു.
ചെന്നൈ- കൊല്‍ക്കത്ത ദേശീയപാതയില്‍ നൂറ് കണക്കിന് വണ്ടികള്‍ കുടുങ്ങി കിടക്കുകയാണ്. ദേശീയപാതയില്‍ വെള്ളം കയറിയതാണ് വാഹനഗതാഗതം സ്തംഭിക്കാന്‍ ഇടയാക്കിയത്. നെല്ലൂരില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന്റെ അടിയിലായി. ആയിരക്കണക്കിന് വീടുകള്‍ വെള്ളത്തിന്റെ അടിയിലായതായാണ് റിപ്പോര്‍ട്ടുകള്‍. നെല്ലൂര്‍ അണക്കെട്ടില്‍ നിന്ന് അധിക വെള്ളം പുറത്തേയ്ക്ക് ഒഴുക്കിയതിനെ തുടര്‍ന്നാണ് പ്രദേശത്ത് വെള്ളപ്പൊക്കം ഉണ്ടായത്.
B Kothakota police rescued two persons and also pulled out the auto that got stuck in #floods in #Chittoor district late #Sunday night @NewIndianXpress @ChittoorPolice @APPOLICE100 pic.twitter.com/0DreVRomRo
— TNIE Andhra Pradesh (@xpressandhra) November 22, 2021
തിരുപ്പതി ക്ഷേത്ര പരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമാണ്. ഇരുപതിനായിരത്തോളം തീര്‍ത്ഥാടകരാണ് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ കഴിയുന്നത്.വ്യോമസേനയും നാവികസേനയും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. വെള്ളപ്പൊക്ക കെടുതി നേരിടുന്ന കടപ്പയില്‍ നാലു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. നിരവധി ഗ്രാമങ്ങളാണ് വെള്ളത്തിന്റെ അടിയിലായത്. കടപ്പയില്‍ മാത്രം 26 പേരാണ് മരിച്ചത്. ഇന്ന് വൈകിട്ടോടെ മഴകാര്യമായി കുറയുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍.