കുട്ടികള്‍ക്കുള്ള വാക്‌സിന്‍, രണ്ടാഴ്ചക്കകം തീരുമാനം?, ബൂസ്റ്റര്‍ ഡോസും പരിഗണനയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd November 2021 04:26 PM  |  

Last Updated: 22nd November 2021 04:26 PM  |   A+A-   |  

COVID vaccination in india

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: കുട്ടികള്‍ക്ക് എന്നുമുതല്‍ വാക്‌സിന്‍ നല്‍കി തുടങ്ങും എന്നതില്‍ രണ്ടാഴ്ചയ്ക്കകം തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. ആദ്യ ഡോസ് വാക്‌സിന്‍ നൂറ് കോടി കടന്ന പശ്ചാത്തലത്തില്‍ ബൂസ്റ്റര്‍ ഡോസ് സംബന്ധിച്ച തീരുമാനവും ഉടന്‍ തന്നെ ഉണ്ടാവുമെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഴ്ചകള്‍ക്ക് മുന്‍പ് കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ഡിസിജിഐ അനുമതി നല്‍കിയിരുന്നു. രണ്ടുമുതല്‍ പതിനെട്ട് വയസുവരെയുള്ള കുട്ടികള്‍ക്ക് നല്‍കാനുള്ള കോവാക്‌സിനാണ് ഡിസിജിഐ അനുമതി നല്‍കിയത്. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ വിദഗ്ധസമിതി യോഗം ചേരുന്നുണ്ട്. ഇതില്‍ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ചയാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിന് സമഗ്ര പദ്ധതിക്ക് രൂപം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് വിദഗ്ധ സമിതി. ജനുവരിയുടെ തുടക്കത്തില്‍ മറ്റു രോഗങ്ങളുള്ള ദുര്‍ബലരായ കുട്ടികള്‍ക്ക് ആദ്യം വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മാര്‍ച്ചോടെ വാക്‌സിനെടുക്കാന്‍ എല്ലാ കുട്ടികളെയും അര്‍ഹരാക്കുകയാണ് ലക്ഷ്യമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.