കോണ്‍ഗ്രസ് നേതാക്കള്‍ തൃണമൂലിലേക്ക്; കീര്‍ത്തി ആസാദും അശോക് തന്‍വറും ഇന്നു പാര്‍ട്ടിയില്‍ ചേരും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd November 2021 11:57 AM  |  

Last Updated: 23rd November 2021 12:21 PM  |   A+A-   |  

kirti azad and ashok tanwar to join TMC

അശോക് തന്‍വര്‍, കീര്‍ത്തി ആസാദ്/എഎന്‍ഐ

 

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കീര്‍ത്തി ആസാദും അശോക് തന്‍വറും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്. ബംഗാള്‍ മുഖ്യമനമന്ത്രി മമത ബാനര്‍ജിയുടെ സാന്നിധ്യത്തില്‍ ഇന്ന് ഇരുവരും തൃണമൂലില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുന്‍ ക്രിക്കറ്റ് താരമായ കീര്‍ത്തി ആസാദ് ബിജെപിയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസില്‍ എത്തിയത്. ധനകാര്യ മന്ത്രിയായിരുന്ന അരുണ്‍ ജയ്റ്റ്‌ലിക്കെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ചതിനാണ് കീര്‍ത്തി ആസാദിനെ ബിജെപി സസ്‌പെന്‍ഡ് ചെയ്തത്. 2018ല്‍ കോണ്‍ഗ്രസില്‍ എത്തിയ കീര്‍ത്തി ആസാദ് മൂന്നു വട്ടം ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 

യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍ ദേശീയ അധ്യക്ഷന്‍ ആയ അശോക് തന്‍വര്‍ രാഹുല്‍ ഗാന്ധിയുമായി അടുപ്പം പുലര്‍ത്തുന്ന നേതാവാണ്. തന്‍വറും നേരത്തെ പാര്‍ലമെന്റ് അംഗം ആയിരുന്നു. 2019ല്‍ ഹരിയാന തെരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസ് വിട്ട തന്‍വര്‍ അപ്‌ന ഭാരത് മോര്‍ച്ച എന്ന പാര്‍ട്ടി രൂപീകരിച്ചിരുന്നു.

ജെഡിയു വിട്ട പവന്‍ വര്‍മയും ഇന്നു തൃണമൂലില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഉപദേശകന്‍ ആയിരുന്ന വര്‍മയെ കഴിഞ്ഞ വര്‍ഷം ജെഡിയു പുറത്താക്കുകായിരുന്നു.

നാലു ദിവസത്തെ സന്ദര്‍ശനത്തിനായാണ് മമത ബാനര്‍ജി ഡല്‍ഹിയില്‍ എത്തിയിട്ടുള്ളത്. സാധാരണ ഡല്‍ഹിയില്‍ വരുമ്പോഴെല്ലാം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കാണുന്ന മമത ഇക്കുറി കൂടിക്കാഴ്ച ഒഴിവാക്കിയത് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായിരുന്നു.