കല്യാണവീട്ടില്‍ ഡിജെ പാര്‍ട്ടി; 'ഹാര്‍ട്ട് അറ്റാക്ക്'; 63 കോഴികള്‍ ചത്തു; പരാതിയുമായി അയല്‍വാസി

ഉച്ചത്തിലുള്ള ശബ്ദം കേട്ട് തറയില്‍ വീണ കോഴികളെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭുവനേശ്വര്‍: വിവാഹാഘോഷത്തിന്റെ ഭാ​ഗമായി ഉച്ചത്തിൽ ഡിജെ പാർട്ടി സംഘടിപ്പിച്ചതുമൂലം തന്റെ ഫാമിലെ 63 കോഴികൾ ചത്തുവെന്ന പരാതിയുമായി അയൽവാസിയായ കർഷകൻ.  ഒഡീഷയിലെ കണ്ഡഗരടി ഗ്രാമത്തിലെ പൗള്‍ട്രി ഫാം ഉടമയായ രഞ്ജിത്ത് പരീദയാണ് നീല​ഗിരി പൊലീസിൽ വിചിത്രമായ പരാതി നൽകിയത്. ഡിജെ പാര്‍ട്ടിയിലെ ഉച്ചത്തിലുള്ള ശബ്ദം കാരണം ഫാമിലെ കോഴികള്‍ ഹൃദയാഘാതം മൂലം ചത്തുവെന്നാണ് രഞ്ജിത്തിന്റെ ആരോപണം. 

ഞായറാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. അയല്‍വാസിയായ രാമചന്ദ്ര പരീദയുടെ വീട്ടിലെ വിവാഹ ആഘോഷങ്ങളുടെ ഭാഗമായ ഡിജെ പാര്‍ട്ടി രാത്രി പതിനൊന്നരയ്ക്കാണ് രഞ്ജിത്തിന്റെ വീടിന് മുന്നിലൂടെ കടന്നുപോയത്. മ്യൂസിക് സംഘം ഫാമിന് സമീപത്തെത്തിയപ്പോള്‍ തന്നെ കോഴികള്‍ വിചിത്രമായ രീതിയിൽ പെരുമാറാന്‍ തുടങ്ങി. ചില കോഴികള്‍ ചാടുകയും ഓടുകയും ചെയ്തു. ഇതോടെ ഡിജെയുടെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറായില്ലെന്നും പരാതിയിൽ പറയുന്നു.  ചൊവിപൊട്ടിക്കുന്ന തരത്തില്‍ പാര്‍ട്ടി തുടര്‍ന്നതാണ് കോഴികള്‍ ചത്തുപോകാന്‍ കാരണമെന്നും രഞ്ജിത്തിന്റെ പരാതിയില്‍ പറയുന്നു. 

ഉച്ചത്തിലുള്ള ശബ്ദം കേട്ട് തറയില്‍ വീണ കോഴികളെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് അടുത്തുള്ള മൃഗഡോക്ടറെ സ്ഥലത്തെത്തിച്ച ശേഷമാണ് 63 കോഴികളും ചത്തുവെന്ന് സ്ഥിരീകരിച്ചത്. ഉച്ചത്തിലുള്ള ശബ്ദം കോഴികളില്‍ ഞെട്ടലുണ്ടാക്കിയെന്നും ഇതുമൂലം ഹൃദയാഘാതം വന്നതായിരിക്കാമെന്നാണ് ഡോക്ടര്‍ പറഞ്ഞതെന്നും രഞ്ജിത് ആരോപിച്ചു.

അതേസമയം രഞ്ത്തിന്റെ ആക്ഷേപങ്ങള്‍ അയല്‍വാസി തള്ളി. ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഡിജെ മ്യൂസിക്കിന്റെ ശബ്ദം കുറച്ചിരുന്നുവെന്ന് രാമചന്ദ്ര പറഞ്ഞു. ശബ്ദം കേട്ട് കോഴികള്‍ ചത്തുവെന്ന് പറയുന്നത് ശരിയല്ല, റോഡ് മാര്‍ഗം വഹനങ്ങളുടെ ഹോണ്‍ ഉള്‍പ്പെടെയുള്ള ശബ്ദങ്ങള്‍ക്കിടയിലൂടെയാണ് ദിനംപ്രതി ലക്ഷക്കണക്കിന് കോഴികളെ എല്ലായിടത്തേക്കും എത്തിക്കുന്നത്. അതിനാല്‍തന്നെ ഡിജെ മ്യൂസിക് കാരണം ഫാമിലെ കോഴികള്‍ ചത്തുവെന്ന് എങ്ങനെ പറയാനാകുമെന്നും അദ്ദേഹം ചോദിച്ചു.

എന്‍ജിനിയറിങ് ബിരുദധാരിയാ രഞ്ജിത് മറ്റു ജോലികളൊന്നും ലഭിക്കാത്തതിനാല്‍ രണ്ടു ലക്ഷം രൂപ ലോണ്‍ എടുത്ത് 2019ലാണ് പൗട്രി ഫാം ആരംഭിച്ചത്. കോഴികളെല്ലാം ചത്തതിന് പിന്നാലെ അയല്‍വാസിയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ രഞ്ജിത്ത് ശ്രമിച്ചിരുന്നു. എന്നാല്‍ രാമചന്ദ്ര നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാകാതിരുന്നതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. സ്റ്റേഷനിലെത്തിയ ശേഷം ഇരുകൂട്ടരും പ്രശ്‌നങ്ങള്‍ രമ്യതയില്‍ ഒത്തുതീര്‍പ്പാക്കിയെന്ന് ബലസോര്‍ എസ്പി സുധാന്‍ഷു മിശ്ര വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com