'ഓറൽ സെക്‌സ് കടുത്ത ലൈംഗിക പീഡനമല്ല'; പോക്സോ കേസ് പ്രതിയുടെ ജയിൽശിക്ഷയിൽ ഇളവ് നൽകി അലഹബാദ് ഹൈക്കോടതി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2021 12:33 PM  |  

Last Updated: 24th November 2021 12:33 PM  |   A+A-   |  

Allahabad HC

പ്രതീകാത്മക ചിത്രം

 

അലഹബാദ്: ഓറൽ സെക്സ് കടുത്ത ലൈംഗിക പീഡനക്കുറ്റമായി പരിഗണിക്കാൻ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഉത്തർപ്രദേശിൽ 10 വയസുകാരനെ വദനസുരതം ചെയ്യിച്ച കേസിലെ പ്രതിയുടെ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ പരാമ‌ർശം. പ്രതിക്ക്  2018ൽ ഝാൻസി കോടതി വിധിച്ച പത്ത് വർഷത്തെ തടവ് ഹൈക്കോടതി ഏഴ് വർഷമായി കുറച്ചു. 

പോക്സോ, ഐപിസി 377, 507 തുടങ്ങിയ വകുപ്പുകൾ പ്രകാരമായിരുന്നു കീഴ്ക്കോടതി ശിക്ഷ വിധിച്ചത്. ഇതിനെതിരെ പ്രതിയായ സോനു കുശ്വാഹ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പോക്സോ നിയമ പ്രകാരം ഓറൽ സെക്സ് പെനട്രേറ്റീവ് ലൈംഗിക പീഡനത്തിന്റെ പരിധിയിൽ വരുമെങ്കിലും കടുത്ത ലൈംഗിക പീഡനമായി കണക്കാക്കാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. അതിനാൽ സെക്ഷൻ 6 പ്രകാരമല്ല, സെക്ഷൻ നാല് പ്രകാരമാണ് ശിക്ഷ നിർണയിക്കേണ്ടതെന്നും കോടതി പറഞ്ഞു.

സെക്ഷൻ നാല് പ്രകാരം ഓറൽ സെക്സ് പെനട്രേറ്റീവ് ലൈംഗിക പീഡനത്തിൽ ഉൾപ്പെടുത്തുമെങ്കിലും സെക്ഷൻ ആറ് പ്രകാരം ശിക്ഷ നൽകുന്ന ഗുരുതര കുറ്റമായ പെനട്രേറ്റീവ് ലൈംഗിക പീഡനമായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് അനിൽ കുമാർ ഓജയുടെ സിംഗിൾ ബെഞ്ചാണ് വിധി പറഞ്ഞത്.