കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ ബില്‍; കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2021 02:05 PM  |  

Last Updated: 24th November 2021 02:05 PM  |   A+A-   |  

Cabinet approves Farm Laws Repeal Bill

പ്രധാനമന്ത്രി നരേന്ദ്ര മോദി/ എഎന്‍ഐ

 

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി കര്‍ഷക പ്രതിഷേധത്തിനു കാരണമായ മൂന്നു കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കല്‍ ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. ഈ മാസം 29നാണ് സമ്മേളനം തുടങ്ങുന്നത്. ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്‌സ് (പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍), ഫാര്‍മേഴ്‌സ് (എംപര്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ഷന്‍) എഗ്രീമെന്റ് ഒഫ് പ്രൈസ് അഷുറന്‍സ് ആന്‍ഡ് ഫാം സര്‍വീസസ് ആക്ട്, എസ്സന്‍ഷ്യല്‍ കമോഡിറ്റീസ് (അമന്‍ഡ്‌മെന്റ്) ആക്ട് എന്നിവയാണ് പിന്‍വലിക്കുക. 

ഈ മാസം പത്തൊന്‍പതിന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. നിയമങ്ങളുടെ ഗുണഫലത്തെക്കുറിച്ച് കര്‍ഷകരെ ബോധവത്കരിക്കാന്‍ സര്‍ക്കാരിനായില്ലെന്നാണ്, പിന്‍വലിക്കുന്നതിനു കാരണമായി മോദി പറഞ്ഞത്. 

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പാസാക്കിയ നിയമങ്ങള്‍ക്കെതിരെ ഒരു വര്‍ഷമായി കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്. പഞ്ചാബ്, ഹരിയാന, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് പ്രധാനമായും ഡല്‍ഹി അതിര്‍ത്തികളില്‍ സമരം ചെയ്യുന്നത്. 

നിയമങ്ങള്‍ പിന്‍വലിച്ചാലും താങ്ങുവിലയ്ക്കു നിയമ പ്രാബല്യം കൊണ്ടുവരുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ തീരുമാനമാവുന്നതു വരെ സമരം തുടരാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.