'എപ്പോഴും ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കും, സെക്‌സ് റാക്കറ്റ്'; ഗണിത അധ്യാപകനെതിരെ വിദ്യാര്‍ഥിനിയുടെ പരാതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2021 09:08 PM  |  

Last Updated: 24th November 2021 09:08 PM  |   A+A-   |  

sexual assault CASE

ഫയല്‍ ചിത്രം

 

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കോളജ് അധ്യാപകന്‍ സെക്‌സ് റാക്കറ്റ് നടത്തി വിദ്യാര്‍ഥിനികളെ ചൂഷണം ചെയ്യുന്നതായി പരാതി.  ഉത്തര്‍പ്രദേശിലെ പിലിഭിത്തിലെ കോളേജ് വിദ്യാര്‍ഥിനിയാണ് തന്റെ കോളേജിലെ ഗണിതാധ്യാപകനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. വിദ്യാര്‍ഥിനികള്‍ക്ക് ചില മരുന്നുകള്‍ നല്‍കിയശേഷം അവരെ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചെന്നും മാസങ്ങളായി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്നുമാണ് വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പറയുന്നത്. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഒളിവില്‍ പോയ അധ്യാപകന് വേണ്ടി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. 

താനും സുഹൃത്തും അധ്യാപകന്റെ വീട്ടില്‍പോയപ്പോള്‍ ലൈംഗികാതിക്രമത്തിന് ഇരയായി. മാസങ്ങളായി ഈ ഉപദ്രവം തുടര്‍ന്നുവരികയാണെന്നും പെണ്‍കുട്ടിയുടെ പരാതിയിലുണ്ട്. മരുന്നുകള്‍ നല്‍കിയ ശേഷം ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുന്ന അധ്യാപകന്‍, ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് പെണ്‍കുട്ടികളെ കൈമാറാറുണ്ടെന്നും പെണ്‍കുട്ടി ആരോപിക്കുന്നു. അധ്യാപകന്റെ വീട്ടില്‍ സെക്‌സ് ടോയികളുണ്ടെന്നും കോളജ് മാനേജ്‌മെന്റുമായി അടുത്തബന്ധമുള്ളയാളാണ് അധ്യാപകനെന്നും വിദ്യാര്‍ഥിനി ആരോപിച്ചു. 

പെണ്‍കുട്ടിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കും വിധേയയാക്കി. 

അധ്യാപകന്റെ ലൈംഗികാതിക്രമത്തിന് ഇരയായ മറ്റുപെണ്‍കുട്ടികളുടെ പേരുവിവരങ്ങളും വിദ്യാര്‍ഥിനി പൊലീസിന് കൈമാറിയിട്ടുണ്ട്. ഇവരെ ഉടന്‍തന്നെ ബന്ധപ്പെട്ട് മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.അതേസമയം, അധ്യാപകനെതിരേ പെണ്‍കുട്ടി ഇതുവരെ കോളേജില്‍ പരാതി നല്‍കിയിട്ടില്ലെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ പ്രതികരണം.