തുടരെ ലൈംഗീക പീഡനം; സുഹൃത്തുക്കളുടെ സഹായത്തോടെ പിതാവിനെ കൊലപ്പെടുത്തി കൗമാരക്കാരി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2021 07:45 AM  |  

Last Updated: 24th November 2021 07:45 AM  |   A+A-   |  

crime News

പ്രതീകാത്മക ചിത്രം


ബെംഗളൂരു: തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പിതാവിനെ സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തി കൗമാരക്കാരി.  പ്ലസ് വൺ വിദ്യാർഥിനിയെയും പ്രായപൂർത്തിയാകാത്ത മൂന്നു സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ലൈംഗികപീഡനം കാരണം സുഹൃത്തുക്കളുടെ സഹായത്തോടെ പിതാവിനെ കൊലപ്പെടുത്തുകയായിരുന്നു എന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. തിങ്കളാഴ്ച പുലർച്ചെയാണ് ബിഹാർ സ്വദേശിയായ 45കാരൻ കൊല്ലപ്പെട്ടത്. കോളജ് കാമ്പസിൽ സുരക്ഷാ ജീവനക്കാരനായിരുന്നു. രണ്ടു പെൺമക്കളുടെ മുന്നിൽവെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

നാലാം ക്ലാസ് വിദ്യാർഥിനിയാണ് ഇളയ മകൾ. കൊലപാതകത്തിനുശേഷം മൂത്തമകൾ അയൽവീട്ടിൽപ്പോയി പിതാവ് കൊല്ലപ്പെട്ട കാര്യം അറിയിച്ചു. കൊല്ലപ്പെട്ടയാൾ രണ്ടു വിവാഹം കഴിച്ചതാണ്.  ആദ്യ ഭാര്യ ബിഹാറിലും രണ്ടാം ഭാര്യ കലബുറഗിയിലുമാണ്. പിതാവ് ലൈംഗികമായി പീഡിപ്പിക്കുന്ന വിവരം മൂത്തമകൾ അമ്മയോടു പറഞ്ഞു. ഇതോടെ ദമ്പതിമാർ തമ്മിൽ വഴക്കുണ്ടായതായി പൊലീസ് പറഞ്ഞു. 

പിതാവ് ഉപദ്രവിക്കുന്ന കാര്യം പെൺകുട്ടി സുഹൃത്തുക്കളേയും അറിയിച്ചിരുന്നു. തിങ്കളാഴ്ച പുലർച്ചെയും പിതാവ് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. ഈ സമയം സുഹൃത്തുക്കളെ ഫോണിൽ വിളിച്ച് സഹായം തേടി. ഇതേത്തുടർന്ന് സുഹൃത്തുക്കൾ വീട്ടിലെത്തി പിതാവിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു.