ഡിസംബറോടെ രാജ്യാന്തര വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക്: കേന്ദ്രം 

ഈ വര്‍ഷം അവസാനത്തോടെ തന്നെ രാജ്യാന്തര വിമാന സര്‍വീസുകള്‍ പൂര്‍വ്വസ്ഥിതിയിലാകുമെന്നാണ് കണക്കുകൂട്ടലെന്നും രാജീവ് ബന്‍സാല്‍ പറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒന്നരവര്‍ഷത്തിലേറെ കാലമായി വിലക്ക് തുടരുന്ന രാജ്യാന്തര വിമാന സര്‍വീസുകള്‍ ഉടന്‍ തന്നെ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര വ്യോമയാന സെക്രട്ടറി രാജീവ് ബന്‍സാല്‍. ഈ വര്‍ഷം അവസാനത്തോടെ തന്നെ രാജ്യാന്തര വിമാന സര്‍വീസുകള്‍ പൂര്‍വ്വസ്ഥിതിയിലാകുമെന്നാണ് കണക്കുകൂട്ടലെന്നും രാജീവ് ബന്‍സാല്‍ പറഞ്ഞു. രാജ്യാന്തര വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ വിലയിരുത്തുകയാണെന്നു കഴിഞ്ഞയാഴ്ച കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞിരുന്നു.

കോവിഡ് ലോക്ഡൗണിനെ തുടര്‍ന്നു എല്ലാ രാജ്യാന്തര വിമാനങ്ങളും അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള സര്‍വീസുകള്‍ കഴിഞ്ഞ മാര്‍ച്ചില്‍ നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍, കോവിഡ് കേസുകളുടെ എണ്ണം കുറയുകയും കോവിഡ് വാക്‌സിനേഷന്‍ വര്‍ധിക്കുകയും ചെയ്തതോടെ 'എയര്‍ ബബിള്‍' ക്രമീകരണത്തിന്റെ അടിസ്ഥാനത്തില്‍ മറ്റു രാജ്യങ്ങളുമായി ചര്‍ച്ച ചെയ്ത് ഇളവു നല്‍കി.

രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ വര്‍ഷം മേയിലാണു കേന്ദ്ര സര്‍ക്കാര്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചത്. രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനുള്ള തയാറെടുപ്പെന്ന നിലയില്‍, കോവിഡിന്റെ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന ടൂറിസ്റ്റ് വീസ അനുവദിക്കുന്നതു പുനരാരംഭിക്കുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. അത് നവംബര്‍ 15ന് ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com