മരിച്ചു എന്ന് കരുതി ഫ്രീസറില്‍ സൂക്ഷിച്ചു; അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിവന്ന യുവാവ് ചികിത്സയ്ക്കിടെ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2021 04:42 PM  |  

Last Updated: 24th November 2021 04:44 PM  |   A+A-   |  

UP DEATH

പ്രതീകാത്മക ചിത്രം

 

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മരിച്ചു എന്ന കരുതി ഫ്രീസറില്‍ സൂക്ഷിച്ച, ജീവിതത്തിലേക്ക് തിരികെ വന്ന 40കാരന്‍ ചികിത്സയ്ക്കിടെ മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ ശ്രീകേഷ് കുമാറാണ് മരിച്ചത്. നേരത്തെ യുവാവ് മരിച്ചു എന്ന് ഡോക്ടര്‍ തെറ്റായി സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ജീവന്റെ ലക്ഷണങ്ങള്‍ കാണിച്ചതോടെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ അഞ്ചുദിവസം ചികിത്സയില്‍ കഴിയവേ, ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം.

മീററ്റ് മെഡിക്കല്‍ കോളജില്‍ ചൊവ്വാഴ്ച രാത്രിയാണ് ശ്രീകേഷ് കുമാര്‍ മരിച്ചത്.  മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ഇലക്ട്രിഷ്യനായി ജോലി ചെയ്തിരുന്ന ശ്രീകേഷ് കുമാറിന് അപകടത്തിലാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മൊറാദാബാദ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറാണ്  ശ്രീകേഷ് മരിച്ചു എന്ന് തെറ്റായി സ്ഥിരീകരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഏഴുമണിക്കൂറിന് ശേഷമാണ് യുവാവിന് ജീവന്‍ ഉണ്ട് എന്ന് തിരിച്ചറിയുന്നതും വിദഗ്ധ ചികിത്സയ്ക്കായി മീററ്റ് മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നതും.

തലയ്ക്ക് അടിയേറ്റതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായിരുന്നു ശ്രീകേഷ് കുമാര്‍. രക്തസ്രാവവുമായി ബന്ധപ്പെട്ട് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ട് ശസ്ത്രക്രിയ പ്രയോഗികമായിരുന്നില്ല. വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് യുവാവ് മരിച്ചത്.  ജീവിതത്തിലേക്ക് മടങ്ങിവരാന്‍ അഞ്ചുദിവസം പൊരുതിയ ശേഷമായിരുന്നു സഹോദരന്റെ മരണമെന്ന് സത്യനാഥ് ഗൗതം പറയുന്നു. പേര് ചൊല്ലി വിളിക്കുന്ന സമയത്ത് വിളി കേള്‍ക്കുന്നത് പോലെ ജീവിതത്തിലേക്ക്് മടങ്ങിവരുന്നതിന്റെ ലക്ഷണങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ പ്രകടിപ്പിച്ചതായും ബന്ധുക്കള്‍ പറയുന്നു. തലയില്‍ രക്തം കട്ടപിടിച്ചതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.