വീട്ടിലെ പൈപ്പിനുള്ളില്‍ ലക്ഷങ്ങള്‍; പിഡബ്ല്യൂഡി എന്‍ജിനിയറുടെ വീട്ടില്‍ പരിശോധനയില്‍ ഞെട്ടി ഉദ്യോഗസ്ഥര്‍; വൈറല്‍ വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2021 09:07 PM  |  

Last Updated: 24th November 2021 09:07 PM  |   A+A-   |  

acb_raid

പരിശോധനയ്ക്കിടെ പണം കണ്ടെടുക്കുന്നു

 

ബംഗളൂരു: പിഡബ്ല്യുഡി എന്‍ജിനിയറുടെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ ആന്റി കറപ്ഷന്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത് പൈപ്പുകള്‍ക്കുള്ളില്‍ ലക്ഷങ്ങള്‍. കര്‍ണാടകയിലെ കല്‍ബുര്‍ഗി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. 

ജോയിന്റ് എഞ്ചിനീയറായ ശാന്ത ഗൗഡ ബരാദറിന്റെ വീട്ടിലാണ് അഴിമതി വിരുദ്ധ സംഘം പരിശോധന നടത്തിയത്. അഴിമതി ആരോപണം നേരിടുന്ന ഉദ്യോഗസ്ഥരുടെ വീടുകളില്‍ സംസ്ഥാനത്താകമാനം നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് ഇവിടെയും പരിശോധന നടന്നത്. അതിനിടെയാണ് അനധികൃതമായി സൂക്ഷിച്ച പണവും സ്വര്‍ണവും കണ്ടെത്തിയത്.

അന്വേഷണസംഘം പരിശോധനയ്ക്ക് എത്തുമെന്ന വിവരം നേരത്തെ ലഭിച്ചതിനാല്‍ എഞ്ചിനീയര്‍ പണം വീട്ടിലെ പൈപ്പിനുള്ളില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. പൈപ്പിനുള്ളില്‍ പണമുണ്ടെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ ഒരു പ്ലംബറെ എത്തിച്ച് പൈപ്പ് പൊളിച്ചാണ് പണം കണ്ടെത്തിയത്. ഇയാളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ 25 ലക്ഷം രൂപയും വലിയ അളവില്‍ സ്വര്‍ണവും പിടിച്ചെടുത്തു. 

പൈപ്പിനുള്ളില്‍ നിന്ന് നോട്ടുകള്‍ പുറത്തെടുക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഈ പൈപ്പുകള്‍ പണം ഒളിപ്പിക്കുന്നതിന് വേണ്ടി മാത്രമായി ഉണ്ടാക്കിയതാണെന്ന് പരിശോധനയില്‍ വ്യക്തമായി. സംസ്ഥാനത്താകമാനം 60 ഇടങ്ങളിലാണ് അഴിമതി വിരുദ്ധ സേന റെയ്ഡ് നടത്തിയത്.