മദ്യത്തിന് 10 ശതമാനം വിലക്കുറവ്; വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിക്കൂ; പുതുവഴി തേടി ജില്ലാ ഭരണകൂടം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2021 09:40 PM  |  

Last Updated: 24th November 2021 09:48 PM  |   A+A-   |  

liquor

ഫയല്‍ ചിത്രം

 

ഭോപ്പാല്‍:  ജനങ്ങളെ  കോവിഡ് വാക്‌സിന്‍ എടുപ്പിക്കാന്‍ എല്ലാ മാര്‍ഗങ്ങളും തേടുകയാണ് അധികൃതര്‍.  അതിനിടയിലാണ് വാക്‌സിന്‍ സ്വീകരിക്കാന്‍ വിമുഖത കാട്ടുന്നവരേക്കൊണ്ട് വാക്‌സിനെടുപ്പിക്കാന്‍ മധ്യപ്രദേശിലെ ടൂറിസം വകുപ്പ് പുതിയ വഴി തേടിയത്.  രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മദ്യത്തിന് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ് മധ്യപ്രദേശിലെ മംദ്സോര്‍ ജില്ല. 

വാക്‌സിനേഷനായി ജനങ്ങളെ പ്രേരിപ്പിക്കാന്‍ രണ്ട് ഡോസ് വാക്സിനും എടുത്തവര്‍ക്ക് മദ്യത്തിന് 10 ശതമാനം വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതര്‍. മംദ്സോര്‍ ജില്ലയില്‍ ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷനാണ് രാജ്യത്താദ്യമായി ഇത്തരത്തിലൊരു ഉത്തരവിറക്കിയിരിക്കുന്നത്. പദ്ധതിക്കെതിരെ എതിര്‍പ്പുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. 

കോവിഡ് നിവാരണ യജ്ഞത്തിന്റെ ഭാഗമായാണ് ഈ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. രണ്ട് വാക്സിനും എടുത്ത സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്ക് മദ്യത്തിന് 10 ശതമാനം വിലക്കിഴിവ് നല്‍കാന്‍ മദ്യശാലകളുടെ ഉടമകളുമായി ധാരണയില്‍ എത്തിയിട്ടുണ്ടെന്ന് ടൂറിസം കോര്‍പ്പറേഷന്റെ ഉത്തരവില്‍ പറയുന്നു.

ഇത് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് ബിജെപി നിലപാട്. വാക്സിന്‍ വിതരണത്തില്‍ ഏറെ പുറകില്‍ നില്‍ക്കുന്ന ജില്ലകളിലൊന്നാണ് മംദ്സോര്‍. 50 ശതമാനം പോലും വാക്സിനേഷന്‍ ജില്ലയില്‍ പൂര്‍ത്തിയായിട്ടില്ല. ഇതിനെ തുടര്‍ന്നാണ് വാക്സിന്‍ വിതരണത്തെ പ്രോത്സാഹിപ്പിക്കാനുള്ള പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.