രണ്ടു ഡോസ് വാക്‌സിന്‍ എടുത്ത വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ കോവിഡ്; മെഡിക്കല്‍ കോളജിലെ ഹോസ്റ്റലുകള്‍ അടച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2021 02:59 PM  |  

Last Updated: 25th November 2021 02:59 PM  |   A+A-   |  

COVID UPDATES

പ്രതീകാത്മക ചിത്രം

 

ബംഗളൂരു: കര്‍ണാടകയിലെ മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ കോവിഡ്. ദര്‍വാഡ് എസ് ഡി എം മെഡിക്കല്‍ കോളജിലെ 66 വിദ്യാര്‍ഥികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാണ്. 

കഴിഞ്ഞ ദിവസം കോളജില്‍ നടന്ന പരിപാടിക്ക് പിന്നാലെ കൂട്ടത്തോടെ കോവിഡ് പരിശോധന നടത്തിയപ്പോഴാണ് നിരവധി വിദ്യാര്‍ഥികള്‍ക്ക് വൈറസ് ബാധ കണ്ടെത്തിയത്. 400 വിദ്യാര്‍ഥികളില്‍ 300 പേരാണ് പരിശോധനയ്ക്ക് വിധേയമായത്. മുന്‍കരുതലിന്റെ ഭാഗമായി രണ്ടു ഹോസ്റ്റലുകള്‍ പൂട്ടിയതായി അധികൃതര്‍ അറിയിച്ചു.

വൈറസ് ബാധയേറ്റ വിദ്യാര്‍ഥികളെ ക്വാറന്റൈനിലാക്കി. ഹോസ്റ്റലില്‍ തന്നെ ഇവര്‍ക്ക് ചികിത്സാസൗകര്യം നല്‍കുമെന്ന് ദര്‍വാഡ് ഡെപ്യൂട്ടി കമ്മീഷണര്‍ നിതീഷ് പട്ടേല്‍ അറിയിച്ചു. അവശേഷിക്കുന്ന നൂറു വിദ്യാര്‍ഥികളുടെ കാര്യത്തില്‍ കോവിഡ് പരിശോധനയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.