നാവികസേനയ്ക്ക് കരുത്തുപകര്‍ന്ന് മറ്റൊരു അന്തര്‍വാഹിനി കൂടി; ഐഎന്‍എസ് വേല കമ്മീഷന്‍ ചെയ്തു, സവിശേഷതകള്‍ - വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2021 11:36 AM  |  

Last Updated: 25th November 2021 11:36 AM  |   A+A-   |  

Scorpene-class submarine

ഐഎന്‍എസ് വേല കമ്മീഷന്‍ ചെയ്യുന്നു

 

മുംബൈ: ഇന്ത്യന്‍ നാവിക സേനയ്ക്ക് കരുത്തുപകര്‍ന്ന് സ്‌കോര്‍പിയന്‍ ക്ലാസ് അന്തര്‍വാഹിനികളില്‍ നാലാമത്തേതായ ഐഎന്‍എസ് വേല കമ്മീഷന്‍ ചെയ്തു. പ്രോജക്ട് 75ന്റെ ഭാഗമായാണ് സ്‌കോര്‍പിയന്‍ ക്ലാസ് അന്തര്‍വാഹിനികള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്. ഇത്തരത്തില്‍ ആറു അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനാണ് പദ്ധതി.

ഫ്രഞ്ച് സഹകരണത്തോടെ നിര്‍മ്മിക്കുന്ന സ്‌കോര്‍പിയന്‍ ക്ലാസ് അന്തര്‍വാഹിനികളില്‍ നാലാമത്തേതാണ് ഐഎന്‍എസ് വേല. മുംബൈയിലെ മസഗോണ്‍ ഡോക്ക് യാര്‍ഡില്‍ നാവികസേനാ മേധാവി കരംബീര്‍ സിങ്ങാണ് ഐഎന്‍എസ് വേല കമ്മീഷന്‍ ചെയ്തത്. ഇതിന് പുറമേ സ്‌കോര്‍പിയന്‍ ക്ലാസ് അന്തര്‍വാഹിനികളില്‍ കാല്‍വരി, ഖണ്ഡേരി, കരഞ്ച് എന്നിവയാണ് പുറത്തിറക്കിയത്.

ഐഎന്‍എസ് വേല കമ്മീഷന്‍ ചെയ്തു

കടല്‍മാര്‍ഗമുള്ള ഏത് ശത്രുനീക്കത്തെയും ചെറുക്കാന്‍ ശേഷിയുള്ളതാണ് ഐഎന്‍എസ് വേല. അത്യാധുനിക ആയുധങ്ങളാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. തദ്ദേശീയമായി നിര്‍മ്മിച്ച ബാറ്ററി സെല്ലുകളാണ് അന്തര്‍വാഹിനിക്ക് കരുത്തുപകരുക. 1973ല്‍ ഇതേ പേരില്‍ മറ്റൊരു അന്തര്‍വാഹിനി കമ്മീഷന്‍ ചെയ്തിരുന്നു. 37 വര്‍ഷം ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായിരുന്ന അന്തര്‍വാഹിനി 2010ലാണ് ഡീകമ്മീഷന്‍ ചെയ്തത്. പതിറ്റാണ്ടുകളോളം ഇന്ത്യന്‍ നാവികസേനയ്ക്ക് വേണ്ടി സേവനം അനുഷ്ഠിച്ച ഈ അന്തര്‍വാഹിനിയോടുള്ള ആദര സൂചകമായാണ് പുതിയ അന്തര്‍വാഹിനിക്കും ഈ പേര് നല്‍കിയത്.