ക്രിപ്‌റ്റോ കറന്‍സി; യുവാവിന് നഷ്ടമായത് 70 ലക്ഷം; ഹോട്ടല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2021 04:57 PM  |  

Last Updated: 25th November 2021 04:57 PM  |   A+A-   |  

cryptocurrency

പ്രതീകാത്മക ചിത്രം

 

ഹൈദരബാദ്: ക്രിപ്‌റ്റോ കറന്‍സി നിക്ഷേപത്തില്‍ ലക്ഷങ്ങള്‍ നഷ്ടമായതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. 36കാരനായ ഖമ്മം സ്വദേശി ജി രാമലിംഗമാണ് സൂര്യാപേട്ട് ടൗണിലെ ഹോട്ടല്‍ മുറിയില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. 

ഹോട്ടല്‍ ജീവനക്കാര്‍ വിളിച്ചിട്ടും പ്രതികരിക്കാതെ വന്നപ്പോള്‍ അധികൃതര്‍ വിവരം പൊലീസിനെ അറിയിക്കുകയുയായിരുന്നു. പൊലീസ് എത്തി വാതില്‍ തുറന്നപ്പോള്‍ വിഷം കഴിച്ച മരിച്ച നിലയില്‍ യുവാവിനെ കണ്ടെത്തുകയായിരുന്നു.  മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു. 

ഇയാളുടെ മൃതദേഹത്തിന് സമീപത്തുവച്ച് ഒരു ആത്മഹത്യാകുറിപ്പും പൊലീസ് കണ്ടെടുത്തു. കുടുംബാംഗങ്ങള്‍ പറയുന്നതനുസരിച്ച് ഇയാളും രണ്ട് സുഹൃത്തുക്കളും ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപം നടത്തിയിരന്നു. ആദ്യം പത്ത് ലക്ഷം രൂപ നിക്ഷേപിച്ചപ്പോള്‍ ഇവര്‍ക്ക് വലിയ തോതില്‍ പണം നേടാന്‍ കഴിഞ്ഞിരുന്നു. ഇതോടെ ഇവര്‍ ക്രിപ്‌റ്റോ കറന്‍സിയില്‍ വന്‍ തുക നിക്ഷേപിച്ചു. ഇതിലൂടെ 70ലക്ഷം രൂപനഷ്ടമുണ്ടായതായി ബന്ധുക്കള്‍ പറയുന്നു.

പണം കടം നല്‍കിയവരുടെ സമ്മര്‍ദ്ദവും ആത്മഹത്യയിലേക്ക് നയിച്ചതായി ഇവര്‍ പറയുന്നു. കൂടാതെ കഴിഞ്ഞ ദിവസം പണം നല്‍കിയ ആളുകള്‍ രാമലിംഗത്തിന്റെ കാര്‍ എടുത്തുകൊണ്ടുപോയതായും വിവിധ ചെക്കുകളില്‍ ഒപ്പിടുവച്ചതായും ബന്ധുക്കള്‍ ആരോപിച്ചു. നവംബര്‍ 22 മുതല്‍ ഇയാള്‍ സൂര്യപേട്ടിലെ ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു.