പാകിസ്ഥാനിൽ പരിശീലനം; ഇന്ത്യൻ സൈന്യത്തിന്റെ വിവരങ്ങൾ വർഷങ്ങളായി ചോർത്തുന്നു; രാജസ്ഥാൻ സ്വദേശി പിടിയിൽ
By സമകാലിക മലയാളം ഡെസ്ക് | Published: 27th November 2021 09:35 PM |
Last Updated: 27th November 2021 09:35 PM | A+A A- |

പ്രതീകാത്മക ചിത്രം
ജയ്പുർ: പാകിസ്ഥാന് വേണ്ടി വർഷങ്ങളായി ചാരപ്പണി നടത്തിയ ആൾ രാജസ്ഥാനിൽ പിടിയിൽ. രാജസ്ഥാനിലെ ജയ്‌സാൽമേറിൽ മൊബൈൽ സിം കാർഡുകളുടെ കട നടത്തുന്ന നിദാബ് ഖാൻ എന്നായാളെയാണ് രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തത്.
പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയ്ക്ക് വേണ്ടി വർഷങ്ങളായി ഇയാൾ ചാരപ്പണി ചെയ്യുകയായിരുന്നെന്ന് ഇന്റലിജൻസ് ഡയറക്ടർ ജനറൽ ഉമേഷ് മിശ്ര വ്യക്തമാക്കി. ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇയാൾ കൈമാറിയിരുന്നതെന്നും അന്വേഷണ സംഘം പറയുന്നു.
2015ൽ നിദാബ് പാകിസ്ഥാനിലേക്ക് പോയിരുന്നു. ഐഎസ്‌ഐയുടെ കീഴിൽ 15 ദിവസം പരിശീലനം നേടിയ ഇയാൾക്ക് 10,000 രൂപയും ലഭിച്ചു. ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇയാൾ സോഷ്യൽ മീഡിയാ അക്കൗണ്ടിലൂടെയാണ് കൈമാറിയിരുന്നതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.