'ആക്രമണോത്സുകമായ പെരുമാറ്റം'; എളമരം കരീം, ബിനോയ് വിശ്വം അടക്കം 12 രാജ്യസഭാംഗങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍

എളമരം കരീം, ബിനോയ് ബിശ്വം ഉള്‍പ്പടെയുള്ള 12 പ്രതിപക്ഷ പാര്‍ട്ടി എംപിമാരെയാണ് സസ്‌പെന്റ് ചെയ്തത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ നിന്ന് 12 രാജ്യസഭാംഗങ്ങളെ സസ്‌പെന്റ് ചെയ്തു. എളമരം കരീം, ബിനോയ് ബിശ്വം ഉള്‍പ്പടെയുള്ള 12 പ്രതിപക്ഷ പാര്‍ട്ടി എംപിമാരെയാണ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ സമ്മേളനകാലയളവില്‍ ബഹളംവച്ചെന്നാരോപിച്ചാണ് നടപടി. ഈ സമ്മേളനകാലം മുഴുവന്‍ സസ്‌പെന്‍ഷന്‍ തുടരും.സഭയുടെ അന്തസ് ഇടിച്ചു താഴ്ത്തുന്ന രീതിയില്‍ അനിയന്ത്രിതമായ രീതിയിലാണ് ഈ അംഗങ്ങള്‍ പെരുമാറിയതെന്നും ഉത്തരവില്‍ പറയുന്നു.

ശിവസേനയുടെ പ്രിയങ്ക ചതുര്‍വേദി, അനില്‍ ദേശായി, തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഡോല സെന്‍, ശാന്ത ഛേത്രി, കോണ്‍ഗ്രസിന്റെ ആറ് അംഗങ്ങളുമാണ് സസ്‌പെന്റ് ചെയ്യപ്പെട്ടത്. പെഗാസസ്, ജനറല്‍ ഇന്‍ഷൂറന്‍സ് ബിസിനസ് ഭേദഗതി തുടങ്ങിയ സംഭവള്‍ പാര്‍ലമെന്റില്‍ വന്‍ പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമായിരുന്നു.

പ്രതിപക്ഷ അംഗങ്ങള്‍ രാജ്യസഭയ്ക്കുള്ളില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍മാരുമായി വഴക്കിടുന്നതും കരിങ്കൊടിയുമായി എംപിമാര്‍ സഭയിലെ മേശമേല്‍ കയറുന്നതും ഫയലുകള്‍ വലിച്ചെറിയുന്നതും സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. പ്രതിപക്ഷ അംഗങ്ങള്‍ വനിതാ മാര്‍ഷല്‍മാരെ കയ്യേറ്റം ചെയ്തതായി ഭരണപക്ഷം ആരോപിക്കുമ്പോള്‍ പ്രതിപക്ഷ നേതാക്കളെയും വനിതാ എംപിമാരെയും കയ്യേറ്റം ചെയ്യാന്‍ പുറത്തുനിന്ന് ആളുകളെ സഭയില്‍ എത്തിച്ചതായി പ്രതിപക്ഷം ആരോപിച്ചിരന്നു. 

പാര്‍ലമെന്റിനെയും ജനാധിപത്യത്തെയും ശ്വാസം മുട്ടിച്ച് കൊല്ലാനുള്ള സര്‍ക്കാര്‍ നടപടിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. ജനവികാരത്തെ മാനിക്കാത്ത സര്‍ക്കാര്‍ കര്‍ഷകരോട് മാപ്പ് പറഞ്ഞതുപോലെ നാളെ ജനങ്ങളോട് മാപ്പ് പറയേണ്ടി വരുമെന്നും ബിനോയ് വിശ്വം പറഞ്ഞു. എളമരം കരീമിനെതിരെ രണ്ട് രാജ്യസഭ മാര്‍ഷല്‍മാരാണ് അദ്ധ്യക്ഷന് പരാതി നല്‍കിയിരുന്നത്. ബിനോയ് വിശ്വത്തിനെതിരെയും പരാമര്‍ശമുണ്ട്. എളമരം കരീം മാര്‍ഷല്‍മാരുടെ കഴുത്തിന് പിടിച്ചുവെന്നാണ് പരാതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com