സിപിഎമ്മിനെ തകര്‍ത്തതിനെക്കാള്‍ വലിയ ഭൂരിപക്ഷം; സ്വന്തം റെക്കോര്‍ഡ് തിരുത്തി ദീദി, മൂന്നു മണ്ഡലങ്ങളിലും തൃണമൂല്‍ 

2011ലെ റെക്കോര്‍ഡ് മറികടന്നാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഭബാനിപ്പൂരില്‍ ഇത്തവണ വിജയം നേടിയത്.
തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്ന മത/പിടിഐ
തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്ന മത/പിടിഐ


കൊല്‍ക്കത്ത: 2011ലെ റെക്കോര്‍ഡ് മറികടന്നാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഭബാനിപ്പൂരില്‍ ഇത്തവണ വിജയം നേടിയത്. സിപിഎമ്മിനെ തകര്‍ത്ത് അധികാരത്തിലെത്തിയ 2011 തെരഞ്ഞെടുപ്പില്‍ മമത ഭബാനിപ്പൂരില്‍ നേടിയത് 54,213വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. എന്നാല്‍ 58,832വോട്ടിന്റെ ഭൂരിപക്ഷമായി ഇത്തവണ ഉയര്‍ന്നു. 2016ല്‍ 25,301 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. 4,226 വോട്ടാണ് സിപിഎം സ്ഥാനാര്‍ത്ഥി ശ്രീജിബ് ബിശ്വാസിന് ലഭിച്ചത്. 

തെരഞ്ഞെടുപ്പ് വിജയത്തിന് ബഗാളിലെ മുഴുവന്‍ ജനതയോടും നന്ദി അറിയിക്കുന്നെന്ന് പറഞ്ഞ മമത, തെരഞ്ഞെടുപ്പില്‍ അനവധി ഗൂഢാലോചനകള്‍ നടന്നെന്നും ആരോപിച്ചു. 'രണ്ട് വിരലുയര്‍ത്തിയല്ല ഞാന്‍ വിജയ ചിഹ്നം കാണിക്കുന്നത്. മൂന്നുവിരലുകള്‍ ഉയര്‍ത്തിയാണ്. കാരണം, മൂന്ന് മണ്ഡലങ്ങളിലും ഞങ്ങള്‍ ജയിച്ചിരിക്കുന്നു'-മമത കൂട്ടിച്ചേര്‍ത്തു. 

'ഭബാനിപ്പൂരില്‍ നിന്ന് ഭാരതിലേക്ക്' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയോടെറ്റ തോല്‍വിയ്ക്ക് പിന്നാലെയാണ് സ്വന്തം തട്ടകമായ ഭബാനിപ്പൂരിലേക്ക് മമത തിരികെയെത്തിയത്. 

84,709വോട്ടാണ് മമതയ്ക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ബിജെപിയുടെ പ്രിയങ്ക ത്രിബേവാളിന് ലഭിച്ചത് 26,320 വോട്ട്. ഭബാനിപ്പൂരിനൊപ്പം ഉപതെരഞ്ഞെടുപ്പ് നടന്ന സംഷീര്‍ഗഞ്ച്, ജാന്‍ഗിപൂര്‍ മണ്ഡലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. 26,111 വോട്ടിനാണ് സംഷീര്‍ഗഞ്ചില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥി വിജയിച്ചത്. 

നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയോട് പരാജയപ്പെട്ട മമതയ്ക്ക് മുഖ്യമന്ത്രി പദവിയില്‍ തുടരണമെങ്കില്‍ ജയം അനിവാര്യമായിരുന്നു. നവംബറിന് മുന്‍പ് ഏതെങ്കിലും മണ്ഡലത്തില്‍ നിന്ന് വിജയിച്ചില്ലായിരുന്നെങ്കില്‍ മമതയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുമായിരുന്നു. സെപ്റ്റംബര്‍ 30ന് ആയിരുന്നു വോട്ടെടുപ്പ്. 57 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂലിന്റെ സോബന്‍ദേബ് ചതോപാധ്യായ ജയിച്ചത് 29,000 വോട്ടിനാണ്. മമതയ്ക്ക് വേണ്ടി അദ്ദേഹം എംഎല്‍എ സ്ഥാനം രാജിവയ്ക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com