11 നിലകൾ, മൂന്നു രാത്രിക്ക് 30,000 രൂപ, രാജ്യത്തെ ഏറ്റവും വലിയ ആഡംബര കപ്പൽ; ടൂറിസ്റ്റ്റുകളായി വേഷം മാറിയെത്തി എൻസിബി, ഏഴു മണിക്കൂർ തെരച്ചിൽ

11 നിലകളുള്ളതാണ് കാസിനോകളും ബാറുകളും ഉൾപ്പടെ എല്ലാം സൗകര്യങ്ങളുമുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഡംബര കപ്പലിൽ നടത്തിയ ലഹരിവേട്ടയിൽ ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പടെയുള്ളവർ ഇന്നലെയാണ് അറസ്റ്റിലാവുന്നത്. കോർഡിലിയ എന്ന രാജ്യത്തെ ഏറ്റവും വലിയ ആഡംബര കപ്പലാണ് ലഹരി മരുന്നു വിവാദത്തിൽപ്പെട്ടത്. 11 നിലകളുള്ളതാണ് കാസിനോകളും ബാറുകളും ഉൾപ്പടെ എല്ലാം സൗകര്യങ്ങളുമുണ്ട്. ആഡംബര കപ്പലിൽ വിനോദസഞ്ചാരികളായി വേഷം മാറിയെത്തിയാണ് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ഓപ്പറേഷൻ നടത്തിയത്. 

കപ്പലിൽ ഒരു സംഘം ലഹരിവിരുന്നിനു പദ്ധതിയിടുന്നതായി സിഐഎസ്എഫിൽ നിന്നു ലഭിച്ച സൂചനയാണു വഴിത്തിരിവായത്. ഒക്ടോബർ രണ്ടുമുതൽ നാലു വരെയാണ് കപ്പലിൽ പാർട്ടി തീരുമാനിച്ചിരുന്നതെന്നാണ് വിവരം. തുടർന്ന്  എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള സംഘം വിനോദസഞ്ചാരികളായി വേഷമിട്ട് കപ്പലിൽ കയറി. മുംബൈ തീരത്തുനിന്ന് നടുക്കടലിൽ എത്തിയപ്പോൾ പാർട്ടി തുടങ്ങി. എൻസിബി ഉദ്യോഗസ്ഥർ പാർട്ടിക്കിടെ പരസ്യമായി ലഹരിമരുന്ന് ഉപയോഗിച്ചവരെ അറസ്റ്റു ചെയ്യുകയായിരുന്നു. തുടർന്ന് 7 മണിക്കൂറുകളോളം നീണ്ട തിരച്ചിലിൽ വസ്ത്രങ്ങളിലും അടിവസ്ത്രങ്ങളിലും സാനിറ്ററി പാഡുകളിലും പഴ്സിലും സൂക്ഷിച്ചിരുന്ന നിലയിലാണ് ലഹരി കണ്ടെത്തിയത്. 

സംഗീത പരിപാടി എന്ന നിലയിലാണ് പാർട്ടി സംഘടിപ്പിച്ചത്. നൂറോളം ടിക്കറ്റ് വിറ്റുപോയി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുമായി ചേർന്ന് ഫാഷൻ ടിവിയാണ് പരിപാടിയുടെ സംഘാടകർ. സാമൂഹികമാധ്യമങ്ങളിലെ ഗ്രൂപ്പുകൾ വഴിയായിരുന്നു പാർട്ടിക്ക് ആളെക്കൂട്ടിയത്. സംഘാടകർ തന്നെ അതിഥിയായി ക്ഷണിച്ചതാണെന്നും പണം അടച്ച് കപ്പലിൽ ടിക്കറ്റ് എടുത്തിട്ടില്ലെന്നും ആര്യൻ ഖാൻ അന്വേഷണസംഘത്തോടു പറഞ്ഞതായാണു വിവരം. താൻ വിരുന്നിൽ ഉണ്ടെന്ന് അറിയിച്ച് സംഘാടകർ ആളുകളെ ആകർഷിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ആര്യൻ പറഞ്ഞു. സ്പെയ്നിൽ ഷൂട്ടിങ് തിരക്കിലായിരുന്ന ഷാരുഖ് ഖാൻ ചിത്രീകരണം നിർത്തിവച്ച് ഉടൻ മുംബൈയിലേക്കു മടങ്ങിയെത്തിയേക്കും. 

1200 യാത്രികരുമായി ഈ മാസം 18നാണ്  സീസണിലെ ആദ്യ യാത്ര ആരംഭിച്ചത്. ആഭ്യന്തര ക്രൂസ് ടൂറിസത്തിന്റെ പുതിയ തുടക്കമായാണു കപ്പലിന്റെ വരവ് ആഘോഷിക്കപ്പെട്ടത്. മൂന്ന് രാത്രിയും നാല് പകലും നീളുന്ന കപ്പൽ യാത്രയ്ക്ക് 22,000 രൂപ മുതൽ 30,000 രൂപ വരെയാണു നിരക്ക്. നീന്തൽക്കുളം, മൂന്ന് റെസ്റ്റോറന്റുകൾ, ഫിറ്റ്‌നസ് സെന്ററുകൾ, സ്പാ, തിയേറ്റർ, കാസിനോ, നൈറ്റ് ക്ലബ്, ഡി.ജെ. പാർട്ടികൾ, അഞ്ച് ബാറുകൾ, ലൈവ് ബാൻഡുകൾ, ഷോപ്പിങ് തുടങ്ങി എല്ലാ സൗകര്യങ്ങളുമുള്ളതാണു കപ്പൽ. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com