കടലിലെ ലഹരിപ്പാര്‍ട്ടിക്ക് മലയാളി ബന്ധം?; ആര്യന് മയക്കുമരുന്ന് നല്‍കിയ ശ്രേയസ് നായര്‍ കസ്റ്റഡിയില്‍

മുംബൈ ആഡംബരക്കപ്പലിലെ ലഹരിവേട്ട കേസില്‍ ഒരാള്‍കൂടി കസ്റ്റഡിയില്‍
ചിത്രം: പിടിഐ
ചിത്രം: പിടിഐ


മുംബൈ: മുംബൈ ആഡംബരക്കപ്പലിലെ ലഹരിവേട്ട കേസില്‍ ഒരാള്‍കൂടി കസ്റ്റഡിയില്‍. അറസ്റ്റിലായ ബോളിവുഡ് നടന്‍ ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് മയക്കുമരുന്ന് എത്തിച്ചുകൊടുത്ത ശ്രേയസ് നായര്‍ ആണ് എന്‍സിബി കസ്റ്റഡിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്യും. 

അതേസമയം, ചോദ്യം ചെയ്യലില്‍ മയക്കുമരുന്ന് ബന്ധത്തെക്കുറിച്ച് ആര്യന്‍ ഖാന്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കിയെന്നാണ് സൂചന. നാലു വര്‍ഷമായി മയക്കു മരുന്ന് ഉപയോഗിച്ചിരുന്നു. ഇംഗ്ലണ്ട്, ദുബായ് രാജ്യങ്ങളില്‍ താമസിച്ചിരുന്ന സമയത്താണ് ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതെന്നും ആര്യന്‍ ഖാന്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥരോട് പറഞ്ഞു.

ചോദ്യം ചെയ്യലിനിടെ പലതവണ ആര്യന്‍ ഖാന്‍ പൊട്ടിക്കരഞ്ഞതായും എന്‍സിബി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അറസ്റ്റിലായവര്‍ അടിവസ്ത്രങ്ങള്‍, പഴ്സുകള്‍ തുടങ്ങി പലയിടങ്ങളിലാണ് ലഹരിമരുന്നുകള്‍ ഒളിപ്പിച്ചിരുന്നതെന്നും എന്‍സിബി അധികൃതര്‍ സൂചിപ്പിച്ചു.

ആര്യന്‍ ഖാന്‍ ലെന്‍സ് കെയ്സിലാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. ആര്യന്റെ അടുത്ത സുഹൃത്തായ അബ്ബാസ് മെര്‍ച്ചന്റിന്റെ ഷൂവിനുള്ളില്‍ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. യുവതികളുടെ സാനിറ്ററി പാഡുകള്‍ക്കിടയില്‍നിന്നും മരുന്ന് പെട്ടികളില്‍നിന്നും ലഹരിമരുന്ന് കണ്ടെടുത്തിട്ടുണ്ട്. പരിശോധനക്കിടെ ആര്യന്‍ പരിഭ്രാന്തി പ്രകടിപ്പിച്ചത് അന്വേഷണ ഉദ്യോഗസ്ഥരെ കൂടുതല്‍ സംശയത്തിനിടയാക്കി. 

ചരസ്, എംഡിഎംഎ, കൊക്കെയ്ന്‍ തുടങ്ങിയ ലഹരിമരുന്നുകളാണ് ഇവര്‍ സൂക്ഷിച്ചിരുന്നത്. ലഹരിമരുന്നുകളെ സംബന്ധിച്ച് ആര്യനും സുഹൃത്തുക്കളും നടത്തിയ നിരവധി വാട്സാപ്പ് ചാറ്റുകളും അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്. ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെയാണ് ആര്യന്‍ ഖാന്‍ അടക്കമുള്ളവരെ എട്ടുപേര്‍ എന്‍സിബിയുടെ പിടിയിലായത്.

ആഡംബരക്കപ്പലില്‍ ലഹരിപാര്‍ട്ടി നടക്കുമെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എന്‍സിബി മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയും സംഘവും യാത്രക്കാരെന്ന വ്യാജേന ടിക്കറ്റെടുത്ത് കപ്പലില്‍ കയറുകയായിരുന്നു. അര്‍ധരാത്രിയോടെ ആഘോഷം തുടങ്ങിയ ശേഷമാണ് ഇവര്‍ റെയ്ഡ് നടത്തി എട്ടു പേരെ പിടികൂടിയത്. 

ആര്യന്‍ ഖാന് പുറമേ ഉറ്റസുഹൃത്തായ അര്‍ബാസ് മര്‍ച്ചന്റ്, നടിയും മോഡലുമായ മുണ്‍മുണ്‍ ധമേച്ച, ഇസ്മീത് സിങ്, മൊഹക് ജസ്വാല്‍, ഗോമിത് ചോപ്ര, നുപുര്‍ സരിഗ, വിക്രാന്ത് ഛോക്കാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുപ്രതികള്‍. കപ്പലില്‍ നിന്ന് 1.33 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടിയെന്നാണ് എന്‍സിബി കോടതിയില്‍ വ്യക്തമാക്കിയത്. ലഹരി ഉപയോഗിച്ചതിനൊപ്പം വാങ്ങിയതിനും വിറ്റതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com