ഡ്രോണുകള്‍, വേട്ടനായ്ക്കള്‍, കുങ്കി ആനകള്‍; 'നരഭോജിക്കടുവ'യെത്തേടി അഞ്ചു സംഘങ്ങള്‍, ഷെര്‍ണി മോഡല്‍ തെരച്ചില്‍, കൊല്ലരുതെന്നു കോടതി

ഡ്രോണുകള്‍, വേട്ടനായ്ക്കള്‍, കുങ്കി ആനകള്‍; 'നരഭോജിക്കടുവ'യെത്തേടി അഞ്ചു സംഘങ്ങള്‍, ഷെര്‍ണി മോഡല്‍ തെരച്ചില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: മൂന്നു സംസ്ഥാനങ്ങളില്‍നിന്നുള്ള അഞ്ചു സംഘങ്ങള്‍ ഒന്‍പതു ദിവസമായി തിരച്ചിലിലാണ്, മസിനഗുഡി മേഖലയില്‍ ഭീതിവിതച്ച കടുവയെത്തേടി. ഡ്രോണുകള്‍, വേട്ടനായ്ക്കള്‍, കുങ്കി ആനകള്‍ തുടങ്ങിയവയെല്ലാമുണ്ട്, വനംവകുപ്പു സംഘങ്ങളെ സഹായിക്കാന്‍. എന്നാല്‍ ശക്തമായ മഴയും മൂടല്‍മഞ്ഞും മൂലം കടുവയുടെ ഒരടയാളവും ഇതുവരെ കണ്ടെത്താനായിട്ടില്ല.

എംഡിടി 23 എന്നു പേരിട്ടിട്ടുള്ള കടുവയ്ക്കായാണ്, കാടിളക്കിയുള്ള തെരച്ചില്‍. നരഭോജിക്കടുവ എന്നാണ് നാട്ടുകാര്‍ ഇതിനെ വിളിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ഇതിന് ഇരയായത് നാലു മനുഷ്യരും പന്ത്രണ്ടു മാടുകളും. നാട്ടുകാരില്‍നിന്നു പരാതി വ്യാപകമായതോടെയാണ്, വിദ്യാബാലന്റെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം ഷെര്‍ണി മോഡല്‍ തിരിച്ചലിന് വനംവകുപ്പ് തയാറായത്.

കടുവയെ പിടികൂടാനായിരുന്നു വനംവകുപ്പിന്റെ ആദ്യ പരിപാടി. എന്നാല്‍ ഇതു നടക്കാതായതോടെ കഴിഞ്ഞ ദിവസം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിറക്കി, പിടികൂടാനായില്ലെങ്കില്‍ കൊല്ലുക. കടുവ വേട്ടയില്‍ ഒരു കുങ്കി ആനയുടെ പുറത്ത് തമിഴ്‌നാട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ശേഖര്‍ കുമാര്‍ നീരജും രംഗത്തുണ്ട്. 

തെരച്ചില്‍ സംഘം
 

മസിനഗുഡി മേഖലയില്‍ തിരച്ചിലുമായി സംഘങ്ങള്‍ മുന്നേറുന്നതിനിടെ സിംഗാരയില്‍നിന്നു വാര്‍ത്തയെത്തി. കടുവയെ അവിടെ കണ്ടു. അതോടെ കുറെപ്പേര്‍ തിരയാന്‍ അവിടെയുമെത്തി. മേഖലയില്‍ പക്ഷേ ഏതാനും ദിവസമായി നല്ല മഴയും മൂടല്‍ മഞ്ഞുമാണ്. 

അതിനിടെ കടുവയെ കൊല്ലരുതെന്നും പിടി കൂടുക മാത്രമേ ചെയ്യാവൂ എന്നും മദ്രാസ് ഹൈക്കോടതി വനംവകുപ്പിനു നിര്‍ദേശം നല്‍കി. കടുവയെ കൊല്ലാന്‍ നിര്‍ദേശിച്ച് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പുറത്തിറക്കിയ ഉത്തരവു ചോദ്യം ചെയ്ത് മൃഗസ്‌നേഹി സംഘടന നല്‍കിയ ഹര്‍ജിയിലാണ് നടപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com