അമരീന്ദര്‍ സിങ് ബിജെപി പാളയത്തോട് അടുക്കുന്നു ? ; ഇന്ന് മോദിയുമായി കൂടിക്കാഴ്ച
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th October 2021 05:11 PM |
Last Updated: 06th October 2021 05:13 PM | A+A A- |

അമരീന്ദർ സിങ് മോദിയുമായി ചർച്ച നടത്തുന്നു / ഫയൽ ചിത്രം
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് വിടുന്നതായി പ്രഖ്യാപിച്ച് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുമെന്ന് റിപ്പോര്‍ട്ട്. അമരീന്ദര്‍ ബിജെപി പാളയത്തോട് അടുക്കുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കൂടിക്കാഴ്ച. വിവാദ കാര്‍ഷിക നിയമങ്ങള്‍, അതിര്‍ത്തി പ്രശ്‌നങ്ങള്‍, ലഖിംപൂര്‍ ഖേരിയിലെ സംഭവവികാസങ്ങള്‍ എന്നിവ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് അമരീന്ദറിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച അമരീന്ദര്‍ സിങ് നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ബിജെപിയില്‍ ചേരുമെന്ന വാര്‍ത്ത അമരീന്ദര്‍ നിഷേധിക്കുകയും ചെയ്തു. കാര്‍ഷിക നിയമങ്ങള്‍, ഇന്ത്യ-പാക് അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ എന്നിവയാണ് ചര്‍ച്ച ചെയ്തതെന്നാണ് ക്യാപ്റ്റന്‍ വ്യക്തമാക്കിയത്.
അമരീന്ദര്‍ സിങ് പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാര്‍ഷിക നിയമങ്ങളില്‍ ചില നിര്‍ദേശങ്ങള്‍ അമരീന്ദര്‍ മുന്നോട്ടുവെച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത് പരിഗണിച്ച് വിഷയം പരിഹരിക്കപ്പെട്ടാല്‍ ബിജെപിയുമായി അമരീന്ദര്‍ സഖ്യത്തിലേര്‍പ്പെട്ടേക്കുമെന്നും വാര്‍ത്തകളുണ്ട്. പഞ്ചാബില്‍ അടുത്തുതന്നെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാര്‍ട്ടി വിട്ട അമരീന്ദറിന്റെ നടപടി കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ്.