വാഹനാപകടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റവരെ രക്ഷിക്കുന്നവര്‍ക്ക് 5000 രൂപ പാരിതോഷിതം; പദ്ധതി ഒക്ടോബര്‍ 15 മുതല്‍

‘ഗോൾഡൻ അവർ’ എന്നു വിളിക്കുന്ന ഈ നിർണായക മണിക്കൂറിൽ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കുന്ന ‘നല്ല ശമരിയാക്കാരനാണ്' പാരിതോഷികം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ന്യൂഡൽഹി: റോഡപകടങ്ങളിൽ ഗുരുതര പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കുന്നവർക്ക് സർക്കാർ 5000 രൂപ പാരിതോഷികം നൽകും. അപകടം നടന്ന് ഒരു മണിക്കൂറിനുള്ളിൽ മരണം സംഭവിക്കാനാണ് കൂടുതൽ സാധ്യത. ‘ഗോൾഡൻ അവർ’ എന്നു വിളിക്കുന്ന ഈ നിർണായക മണിക്കൂറിൽ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കുന്ന ‘നല്ല ശമരിയാക്കാരനാണ്' പാരിതോഷികം. 

5000 രൂപ പാരിതോഷികത്തിനൊപ്പം പ്രശംസാപത്രവും നൽകും. ഒക്ടോബർ 15നാണ് പദ്ധതി നിലവിൽവരുന്നത്. ഇത് 2026 മാർച്ച് 31 വരെ തുടരും. 
എന്നാൽ ​ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചതിന് ശേഷം വിവരങ്ങൾ നൽകാൻ വിസമ്മതിക്കുന്നവരെ പാരിതോഷികത്തിനു പരിഗണിക്കില്ല.

പ്രധാന ശസ്ത്രക്രിയക്ക് വിധേയമാകേണ്ടി വരിക, ചുരുങ്ങിയത് മൂന്നുദിവസം ആശുപത്രിയിൽ കിടന്നുള്ള ചികിത്സ, തലച്ചോറിനോ നട്ടെല്ലിനോ ഗുരുതരപരിക്ക് എന്നിവ ഉൾപ്പെടുന്ന അപകടങ്ങളാണ് ‘മാരക അപകടങ്ങൾ എന്നതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അപകടസ്ഥലത്തുനിന്ന് ഒരു ഒരാൾ ഒന്നിലധികം പേരെ മരണത്തിൽ നിന്ന് രക്ഷിച്ചാലും 5000 രൂപയാണ് പാരിതോഷികം. 

വലിയ അപകടം നടന്ന സ്ഥലത്ത് നിന്ന് ഒന്നിലധികം പേർ ചേർന്നാണ് ഒരാളെ രക്ഷപ്പെടുത്തുന്നതെങ്കിൽ 5000 രൂപ എല്ലാവർക്കുമായി നൽകും. ഒന്നിലധികം പേർ ചേർന്ന് ഒന്നിലേറെപ്പേരെ രക്ഷിച്ചാൽ രക്ഷപ്പെട്ട ആളുകളുടെ എണ്ണം കണക്കാക്കി പാരിതോഷികം നൽകും. ഒരുവർഷം ഇത്തരത്തിൽ പാരിതോഷികവും പ്രശംസാപത്രവും ലഭിച്ചവരിൽ നിന്ന് പത്തുപേരെ ദേശീയതലത്തിൽ തിരഞ്ഞെടുത്ത് ഒരുലക്ഷം രൂപയുടെ ദേശീയ പുരസ്കാരം നൽകും.

അപകടവിവരം പൊലീസിനെ ആദ്യം അറിയിക്കുന്ന വ്യക്തിക്ക് ഡോക്ടറുടെ റിപ്പോർട്ടും മറ്റു വിശദാംശങ്ങളും ഉൾപ്പെടുത്തി പോലീസ് രസീത് നൽകണം. പരിക്കേറ്റയാളെ നല്ല ശമരിയാക്കാരാൻ നേരിട്ടാണ് ആശുപത്രിയിലെത്തിച്ചതെങ്കിൽ ആശുപത്രിയധികൃതർ വിവരങ്ങൾ പോലീസ് സ്റ്റേഷനിൽ അറിയിക്കണം. സംഭവം നടന്ന സ്ഥലം, തീയതി, ആശുപത്രിയിൽ എത്തിച്ചയാളുടെ ഇടപെടൽ, അദ്ദേഹത്തിന്റെ മേൽവിലാസം, ഫോൺ നമ്പർ തുടങ്ങിയവ ഉൾപ്പെടുത്തി പോലീസ് രസീത് നൽകുകയും വേണം. 

പൊലീസ് നൽകുന്ന റിപ്പോർട്ടിൽ ജില്ലാ കളക്ടറുടെ അധ്യക്ഷതയിലുള്ള സമിതിയാണ് പരിശോധിച്ച് തീരുമാനമെടുക്കുക. ജില്ലാതല സമിതി ഓരോ മാസവും യോഗം ചേർന്ന് തീരുമാനമെടുക്കും. പാരിതോഷികം നൽകുന്ന കാര്യത്തിൽ ജില്ലാതല സമിതിയുടെ ശുപാർശ സംസ്ഥാന ഗതാഗത കമ്മിഷണർ പരിശോധിച്ച് തുക അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com