പ്രധാനമന്ത്രി ഇടപെട്ടു ; സ്ഥിതിഗതികള്‍ വിവരിച്ച് യോഗി ആദിത്യനാഥ് ; രാഹുലിനും പ്രിയങ്കയ്ക്കും ലഖിംപൂര്‍ ഖേരി സന്ദര്‍ശിക്കാന്‍ അനുമതി 

ലഖിംപൂര്‍ ഖേരി സന്ദര്‍ശിക്കാന്‍ രാഹുല്‍, പ്രിയങ്ക, പഞ്ചാബ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാര്‍ എന്നിവര്‍ക്ക് യുപി ആഭ്യന്തര വകുപ്പ് അനുമതി നല്‍കി
രാഹുൽ​ഗാന്ധി ലഖ്നൗവിൽ വിമാനമിറങ്ങുന്നു / ട്വിറ്റർ ചിത്രം
രാഹുൽ​ഗാന്ധി ലഖ്നൗവിൽ വിമാനമിറങ്ങുന്നു / ട്വിറ്റർ ചിത്രം

ന്യൂഡല്‍ഹി : യുപിയിലെ ലഖിംപൂര്‍ ഖേരി കര്‍ഷക പ്രതിഷേധത്തിലേക്ക് കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനം പാഞ്ഞുകയറി കര്‍ഷകരുള്‍പ്പെടെ മരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടുന്നു. പ്രധാനമന്ത്രി സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് റിപ്പോര്‍ട്ട് തേടി. തുടര്‍ന്ന് യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി. സ്ഥിതിഗതികള്‍ യുപി മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. 

ലഖിംപൂര്‍ ഖേരിയിലെ സംഭവ വികാസങ്ങളില്‍ ആരോപണ വിധേയനായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര തേനി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദര്‍ശിച്ചു. അജയ് മിശ്രയെ അമിത് ഷാ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ലഖിംപൂരില്‍ കര്‍ഷകര്‍ മരിക്കാനിടയായ സംഭവ വികാസങ്ങളില്‍ കേന്ദ്രമന്ത്രിക്ക് വീഴ്ച ഉണ്ടായിയെന്നാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍. 

യുപിയില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടിത്ത വേളയില്‍ അനാവശ്യ വിവാദത്തിന് വഴിവെക്കുന്ന നടപടിയാണ് ഉണ്ടായതെന്നും ബിജെപി നേതൃത്വം വിലയിരുത്തി. യുപി സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടിലും പൊലീസ് എഫ്‌ഐആറിലും കേന്ദ്രമന്ത്രിക്കും മകനുമെതിരെ പരാമര്‍ശങ്ങള്‍ ഉള്ളതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം കര്‍ഷകരെ ഇടിച്ചിട്ട വാഹനങ്ങളില്‍ താനോ മകനോ ഉണ്ടായിരുന്നില്ലെന്നാണ് അജയ് മിശ്ര പറയുന്നത്. 

അതിനിടെ, സംഘര്‍ഷബാധിതമായ ലഖിംപൂര്‍ ഖേരി സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി, പഞ്ചാബ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാര്‍ എന്നിവര്‍ക്ക് യുപി ആഭ്യന്തര വകുപ്പ് അനുമതി നല്‍കി. എന്തു വന്നാലും ലഖിംപൂര്‍ സന്ദര്‍ശിക്കുമെന്ന് രാഹുല്‍ഗാന്ധി വ്യക്തമാക്കിയിരുന്നു. രാഹുലിനൊപ്പം എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമുണ്ട്. 

യുപി സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെ സിതാപൂരില്‍ തടങ്കലിലായിരുന്ന പ്രയിങ്ക ഗാന്ധിയെ പൊലീസ് മോചിപ്പിച്ചു. 59 മണിക്കൂര്‍ നീണ്ട തടങ്കലിന് ശേഷമാണ് പ്രിയങ്കയെ മോചിപ്പിച്ചത്. എഎപി സംഘവും ലഖിംപൂര്‍ ഖേരി സന്ദര്‍ശിക്കുമെന്ന് പ്രസ്താവിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com