ആശിഷ് മിശ്ര നേപ്പാളിലേക്ക് കടന്നു ?; ചോദ്യം ചെയ്യലിന് ഹാജരായില്ല

ലഖിംപൂര്‍ സംഘര്‍ഷം സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും
ആശിഷ് മിശ്ര / എഎൻഐ ചിത്രം
ആശിഷ് മിശ്ര / എഎൻഐ ചിത്രം

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധത്തിലേക്ക് വാഹനം പാഞ്ഞുകയറി കര്‍ഷകരുള്‍പ്പെടെ മരിച്ച സംഭവത്തില്‍ മുഖ്യപ്രതിയെന്ന് സംശയിക്കപ്പെടുന്ന, കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര നേപ്പാളിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. ആശിഷ് മിശ്ര ഇപ്പോള്‍ എവിടെയാണുള്ളതെന്ന് പൊലീസിന് യാതൊരു വിവരവും ലഭിച്ചിട്ടില്ല. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ആശിഷ് മിശ്ര ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ ഉള്ളതായാണ് ഒടുവില്‍ ലഭിച്ച വിവരം. 

ലഖിംപൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഇന്നു രാവിലെ 10 മണിക്ക് ഹാജരാകാനാണ് യുപി പൊലീസ് ആശിഷ് മിശ്രയോട് ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി യു പി പൊലീസ് ആശിഷിന്റെ വീട്ടില്‍ സമന്‍സ് നോട്ടീസ് പതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആശിഷ് പൊലീസിന് മുന്നില്‍ ഹാജരായിട്ടില്ല. ലഖിംപൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്ര രാജിവെക്കേണ്ടതില്ലെന്നാണ് ബിജെപിയുടെ നിലപാട്. 

അതേസമയം ലഖിംപൂര്‍ സംഘര്‍ഷം സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസില്‍ യു പി സര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. കേസില്‍ ആശിഷ് മിശ്രയുടെ അടുത്ത അനുയായികളായ ലവ് കുശ, ആഷിഷ് പാണ്ഡെ എന്നിവര്‍ അറസ്റ്റിലായതായി യു പി പൊലീസ് അറിയിക്കും. അതിനിടെ, ലംഖിപൂര്‍ സംഘര്‍ഷത്തില്‍ നാലു കര്‍ഷകര്‍ മരിച്ചതുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ കര്‍ഷക സംഘടനകള്‍ ഇന്ന് യോഗം ചേരുമെന്ന് നേതാക്കള്‍ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com