കേന്ദ്രമന്ത്രിയുടെ 'കൊലയാളി' മകനെ അറസ്റ്റ് ചെയ്യണം; മരിച്ച മാധ്യമ പ്രവര്‍ത്തകന്റെ വീട്ടില്‍ നിരഹാരമിരുന്ന് സിദ്ദു

കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ രാമന്‍ കശ്യപിന്റെ വസതിയിലാണ് സിദ്ദുവിന്റെ നിരാഹാരസമരം.
കൊല്ലപ്പെട്ട കര്‍ഷകന്റെ കുടുംബത്തെ ആശ്വസിപ്പിക്കുന്ന സിദ്ദു
കൊല്ലപ്പെട്ട കര്‍ഷകന്റെ കുടുംബത്തെ ആശ്വസിപ്പിക്കുന്ന സിദ്ദു

ചണ്ഡിഗഡ്:  കര്‍ഷകര്‍ പ്രതിഷേധിക്കുന്നതിനിടെ, കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനവ്യൂഹം പാഞ്ഞുകയറി നിരവധി കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അശീഷ് മിശ്രയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പഞ്ചാബ് കോണ്‍ഗ്രസ് പ്രസിഡന്റ്‌ നവജ്യോത് സിങ് സിദ്ദു നിരാഹാരസമരം തുടങ്ങി. 
ലഖിംപൂര്‍ ഖേരി ജില്ലയിലെ നിഘാസന്‍ പ്രദേശത്ത്  കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ രാമന്‍ കശ്യപിന്റെ വസതിയിലാണ് സിദ്ദുവിന്റെ നിരാഹാരസമരം. ഇന്ന് വൈകീട്ടാണ് നിരാഹാരസമരം ആരംഭിച്ചത്‌

പ്രധാനപ്രതി ആശിഷ് മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്യുംവരെ നിരാഹാരം തുടരുമെന്ന് സിദ്ദു പറഞ്ഞു. കശ്യപിന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു കശ്യപിന്റെ വീ്ട്ടുമുറ്റത്ത് സിദ്ദു നിരാഹാരസമരം ആരംഭിച്ചത്.

ലഖിംപൂര്‍ ഖേരിയില്‍ വാഹനം ഇടിച്ചുകയറി കര്‍ഷകര്‍ അടക്കം എട്ടു പേര്‍ മരിച്ച സംഭവത്തില്‍ യുപി സര്‍ക്കാരിന് സുപ്രീംകോടതി ഇന്ന് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.കേസില്‍ യോഗി ആദിത്യനാത് സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികളില്‍ തൃപ്തിയില്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. കേസിലെ തെളിവുകളെല്ലാം സംരക്ഷിക്കാനും കോടതി ഉത്തര്‍പ്രദേശ് ഡിജിപിക്ക് നിര്‍ദേശം നല്‍കി.

എട്ടുപേരാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചേ മതിയാകൂ. സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് യുപി സര്‍ക്കാര്‍ ഉചിതമായ നടപടി കൈക്കൊള്ളാനും കോടതി നിര്‍ദേശിച്ചു. കര്‍ഷകര്‍ക്ക് മേല്‍ വാഹനം ഓടിച്ചു കയറ്റി എന്ന് ആരോപണവിധേയനായ കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയെ പിടികൂടാത്തതിലും കോടതി അതൃപ്തി പ്രകടിപ്പിച്ചു.

കേസിലെ മുഖ്യപ്രതിയെന്ന് എഫ്ഐആറില്‍ പറയുന്ന ആശിഷ് മിശ്രയെ പിടികൂടാത്തത് എന്തെന്ന് കോടതി ചോദിച്ചു. ആശിഷ് മിശ്രയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്ന് യുപി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിനെതിരെ രൂക്ഷവിമര്‍ശനമാണ് കോടതി ഉയര്‍ത്തിയത്.

കൊലക്കേസ് പ്രതിക്ക് എന്ത് നോട്ടീസ് ?. കൊലപാതകക്കേസില്‍ പ്രതികളെയെല്ലാം പിടികൂടുന്നത് നോട്ടീസ് നല്‍കിയാണോയെന്ന് കോടതി ചോദിച്ചു. ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ സമയം തേടിയതായി യുപി സര്‍ക്കാരിന് വേണ്ടി ഹാജരായ ഹരീഷ് സാല്‍വെ അറിയിച്ചു. നാളെ രാവിലെ 11 മണി വരെ സമയം നല്‍കിയെന്നും, എന്നിട്ടും ഹാജരായില്ലെങ്കില്‍ കടുത്ത നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഈ വാദം കേട്ട കോടതി, മറ്റു കൊലക്കേസ് പ്രതികളോടും സമാന നിലപാട് തന്നെയാമോ യുപി സര്‍ക്കാര്‍ സ്വീകരിക്കുകയെന്ന് ചോദിച്ചു. കൊലക്കുറ്റം ചുമത്തിയ കേസുകളിലെല്ലാം സാധാരണ ഇത്രയും ഉദാര സമീപം ഉണ്ടാകുമോ ?. എന്ത് സന്ദേശമാണ് യുപി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്. മറ്റേതൊരു കൊലക്കേസ് പ്രതികളെയും പോലെ തന്നെ ഇതും പരിഗണിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

കേസില്‍ ഉള്‍പ്പെട്ടവര്‍ ഉന്നതരായതിനാല്‍ സിബിഐ അന്വേഷണം എന്ന ആവശ്യത്തിലും കാര്യമില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. കേസില്‍ എത്രയും വേഗം നടപടി ഉണ്ടാകണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. ഒക്ടോബര്‍ 20 ന് ആദ്യ കേസായിത്തന്നെ ലഖിംപൂര്‍ കേസ് പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com