സഹോദരന്റെ പേരില്‍ ആള്‍മാറാട്ടം, സൈന്യത്തില്‍ ജോലി ചെയ്തത് 34 വര്‍ഷം; ഞെട്ടല്‍, അന്വേഷണത്തിന് ഉത്തരവിട്ട് ട്രിബ്യൂണല്‍ 

ആള്‍മാറാട്ടം നടത്തി സൈന്യത്തില്‍ 34 വര്‍ഷം ജോലി ചെയ്ത ആള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ആള്‍മാറാട്ടം നടത്തി സൈന്യത്തില്‍ 34 വര്‍ഷം ജോലി ചെയ്ത ആള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം. ലക്‌നൗവിലെ സായുധ സേന ട്രിബ്യൂണലാണ് സഹോദരന്റെ പേരില്‍ ആള്‍മാറാട്ടം നടത്തിയ ആള്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ ഉത്തരാഖണ്ഡ് പൊലീസിന് നിര്‍ദേശം നല്‍കിയത്. പാന്‍ കാര്‍ഡ് പെന്‍ഷനുമായി ബന്ധിപ്പിക്കാന്‍ അപേക്ഷ കൊടുത്തപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. 

1982ല്‍ സഹോദരന്‍ ശ്യാം സിങ്ങിന്റെ പേരില്‍ സൈന്യത്തില്‍ ചേര്‍ന്ന നാരായണ്‍ സിങ്ങിനെതിരെയാണ് കേസ്. ജവാനായാണ് ഇയാള്‍ സൈന്യത്തില്‍ പ്രവേശിച്ചത്. 2001ല്‍ നായിക്ക് എന്ന തസ്തികയില്‍  ഇരിക്കുമ്പോഴാണ് നാരായണ്‍ സിങ്ങ് വിരമിച്ചത്. പിന്നീട് ഈ പേര് ഉപയോഗിച്ച് ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്പ്‌സിലും ഇയാള്‍ കയറിപ്പറ്റിയതായി അന്വേഷണത്തില്‍ കണ്ടെത്തി. 2018ലാണ് 16 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി വിരമിച്ചത്. രണ്ടു സര്‍വീസിലായി രണ്ടു പെന്‍ഷന് ഇയാള്‍ക്ക് അര്‍ഹതയുണ്ടായിരുന്നു. ബാങ്ക് അക്കൗണ്ടിനെ പാനുമായി ബന്ധിപ്പിക്കാന്‍ അപേക്ഷ നല്‍കിയപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്. ഒരാളുടെ പേരില്‍ രണ്ട് പാന്‍ കാര്‍ഡ് കണ്ടെത്തിയതോടെയാണ് അന്വേഷണം ആരംഭിച്ചത്.

പേര് മാത്രമല്ല, ജനനതീയതിയും അച്ഛന്റെ പേരും ഒന്നു തന്നെയായിരുന്നു. എന്നാല്‍ ചിത്രങ്ങള്‍ വ്യത്യസ്തമായിരുന്നു. തുടര്‍ന്ന്് നടത്തിയ വിശദമായ അന്വേഷണത്തില്‍ പ്രതിയുടെ സഹോദരനാണ് ശ്യാം സിങ്ങ് എന്ന് തിരിച്ചറിഞ്ഞു. ശ്യാം സിങ്ങും കരസേനയില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1982ല്‍ സൈന്യത്തില്‍ ചേര്‍ന്ന ശ്യാം സിങ്ങ് 20 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി 2002ല്‍ ഹവില്‍ദാറായാണ് വിരമിച്ചത്.

2017ല്‍ ശ്യാംസിങ്ങിനോട് ബാങ്ക് അക്കൗണ്ടിനെ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ ബാങ്ക് ഉദ്യോസ്ഥര്‍ നിര്‍ദേശിച്ചു. ഇതിന് പിന്നാലെയാണ് ശ്യാം സിങ്ങ് എന്ന പേരില്‍ ആള്‍മാറാട്ടം നടത്തിയ നാരായണ്‍ സിങ്ങിന്റെ തട്ടിപ്പ് കണ്ടുപിടിച്ചത്. തുടര്‍ന്ന്് രണ്ടുപേരുടെ പെന്‍ഷനും സൈന്യം തടഞ്ഞുവച്ചു.

നാലുവര്‍ഷം നീണ്ട വിചാരണയ്ക്ക് ഒടുവില്‍ കഴിഞ്ഞ ദിവസമാണ് സായുധ സേന ട്രിബ്യൂണലിന്റെ ലക്്്‌നൗ ബെഞ്ച് നാരായണ്‍ സിങ്ങിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. നാരായണ്‍ സിങ്ങ് ഇളയ സഹോദരന്റെ അഞ്ചാം ഗ്രേഡിലെ മാര്‍ക്ക് ഷീറ്റ് ഉപയോഗിച്ചാണ് സൈന്യത്തില്‍ ചേര്‍ന്നതെന്ന് ട്രിബ്യൂണല്‍ കണ്ടെത്തി. പെന്‍ഷന്‍ ലഭിക്കുന്നതിന് നാരായണ്‍ സിങ്ങ് സഹോദരന്റെ പാന്‍ കാര്‍ഡ് വിവരങ്ങള്‍ കൈമാറുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com