യുപിയിലും ഉത്തരാഖണ്ഡിലും ഗോവയിലും മണിപ്പൂരിലും ബിജെപിക്ക് ഭരണത്തുടര്‍ച്ച ; 'ക്യാപ്റ്റന്‍' പോയ പഞ്ചാബില്‍ കോണ്‍ഗ്രസിന് തിരിച്ചടി ; എഎപിക്ക് മുന്നേറ്റമെന്ന് സര്‍വേ

പഞ്ചാബില്‍ തൂക്കുസഭ ഉണ്ടാകുമെന്നാണ് സര്‍വേ പ്രവചിക്കുന്നത് 
ബിജെപി പതാക/ ഫയല്‍ ചിത്രം
ബിജെപി പതാക/ ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് അധികാരത്തുടര്‍ച്ചയെന്ന് അഭിപ്രായ സര്‍വേ. എബിപി സി വോട്ടര്‍ സര്‍വേയാണ് ബിജെപി മുന്നേറ്റം പ്രവചിക്കുന്നത്. പഞ്ചാബില്‍ ആഭ്യന്തര കലഹം രൂക്ഷമായ കോണ്‍ഗ്രസിന് തിരിച്ചടി നേരിടുമെന്നും, ആം ആദ്മി പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുമെന്നും സര്‍വേഫലം പ്രവചിക്കുന്നു. 

പഞ്ചാബിലും ഗോവയിലും ഉത്തരാഖണ്ഡിലും കോണ്‍ഗ്രസിനും ബിജെപിക്കും ആം ആദ്മി പാര്‍ട്ടി കനത്ത വെല്ലവിളിയാകും. കോണ്‍ഗ്രസ് ഭരണത്തിലുള്ള പഞ്ചാബില്‍ പാര്‍ട്ടിയിലെ അന്തച്ഛിദ്രം ഭരണം നഷ്ടപ്പെടുത്തിയേക്കുമെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. 117 അംഗ പഞ്ചാബ് നിയമസഭയില്‍ 49 മുതല്‍ 55 സീറ്റുകള്‍ എഎപി നേടുമെങ്കിലും തൂക്കുസഭയാകും ഉണ്ടാകുകയെന്നാണ് സര്‍വേ പ്രവചനം.

കോണ്‍ഗ്രസിന് 30 മുതല്‍ 47 സീറ്റുകള്‍ ലഭിക്കും. അകാലിദളിന് 17 മുതല്‍ 25 സീറ്റുകളും, ബിജെപിക്ക് ഒരു സീറ്റും, മറ്റുള്ളവര്‍ക്ക് ഒരു സീറ്റ് വരെ കിട്ടാമെന്നും എബിപി-സി വോട്ടര്‍ സര്‍വേ പ്രവചിക്കുന്നു. എഎപി 36 ശതമാനം വോട്ടും കോണ്‍ഗ്രസ് 32 ശതമാനം വോട്ടും നേടിയേക്കും. അകാലിദള്‍ 22 ശതമാനവും ബിജെപി നാല് ശതമാനവും വോട്ട് കരസ്ഥമാക്കുമെന്നും സര്‍വേ പറയുന്നു.

രാജ്യം ഏറെ ഉറ്റുനോക്കുന്ന ഉത്തര്‍പ്രദേശില്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്നാണ് സര്‍വേ പ്രവചനം. ബിജെപി 241 മുതല്‍ 249 സീറ്റുകള്‍ നേടിയേക്കും. മുഖ്യപ്രതിപക്ഷമായ സമാജ് വാദി പാര്‍ട്ടി 130 മുതല്‍ 138 സീറ്റുകളും ബിഎസ്പി 15 മുതല്‍ 19 സീറ്റുകളും കരസ്ഥമാക്കും. മൂന്ന് മുതല്‍ ഏഴ് സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിച്ചേക്കുമെന്നുമാണ് പ്രവചനം. 

ബിജെപിക്ക് 41.3 ശതമാനം വോട്ടും, സമാജ് വാദി പാര്‍ട്ടിക്ക് 32 ശതമാനവും, ബിഎസ്പിക്ക് 15 ശതമാനവും കോണ്‍ഗ്രസിന് ആറ് ശതമാനവും വോട്ട് ലഭിക്കുമെന്നും സര്‍വേ പറയുന്നു. 2017ല്‍ 41.4 ശതമാനം വോട്ട് നേടി മൃഗീയ ഭൂരിപക്ഷത്തോടെയാണ് ബിജെപി അധികാരത്തിലേറിയത്. രാജ്യത്ത് പ്രധാന ചര്‍ച്ച വിഷയമായ ലഖിംപൂര്‍ ഖേരി സംഘര്‍ഷത്തിന് ഒരുമാസം മുമ്പേയാണ് സര്‍വേ നടന്നത്. നിലവിലെ സാഹചര്യം കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികല്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. 

ഉത്തരാഖണ്ഡില്‍ ബിജെപി തന്നെ അധികാരം നിലനിര്‍ത്തും. ബിജെപിക്ക് 45 ശതമാനവും കോണ്‍ഗ്രസിന് 34 ശതമാനവും വോട്ട് വിഹിതമാണ് പ്രവചിക്കുന്നത്. ആം ആദ്മി പാര്‍ട്ടിക്ക് 15 ശതമാനം വോട്ടുവിഹിതവുമായി ശക്തമായ പോരാട്ടം കാഴ്ചവെക്കും. 70 അംഗ നിയമസഭയില്‍ ബിജെപി 42 മുതല്‍ 46 സീറ്റുകള്‍ നേടുമെന്ന് സര്‍വേ പറയുന്നു. കോണ്‍ഗ്രസിന് 21 മുതല്‍ 25 ഉം എഎപിക്ക് നാല് സീറ്റ് വരെയും മറ്റുള്ളവര്‍ക്ക് രണ്ട് സീറ്റുകള്‍ വരെയും പ്രവചിക്കുന്നു.

ഗോവയിലും ബിജെപി തന്നെ വെന്നിക്കൊടി നാട്ടുമെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. 40അംഗ സഭയില്‍ 24 മുതല്‍ 28 സീറ്റുകള്‍ കരസ്ഥമാക്കി ബിജെപി ഭരണത്തുടര്‍ച്ച നേടും. കോണ്‍ഗ്രസിന് ഒന്ന് മുതല്‍ അഞ്ചു സീറ്റുകള്‍ വരെയും, എഎപിക്ക് മൂന്ന് മുതല്‍ ഏഴ് വരെയും മറ്റുള്ളവര്‍ക്ക് നാല് മുതല്‍ എട്ട് സീറ്റുകളും സര്‍വേയില്‍ പ്രവചിക്കുന്നു. ബിജെപി 38 ശതമാനവും, കോണ്‍ഗ്രസ്- 18, എഎപി-23 മറ്റുള്ളവര്‍ -21 ശതമാനവും വോട്ട് വിഹിതം നേടുമെന്നും പ്രവചിക്കുന്നു.

വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരിലും ബിജെപി ഭരണത്തുടര്‍ച്ചയാണ് സര്‍വേ പ്രവചിക്കുന്നത്. 60 അംഗ നിയമസഭയില്‍ ബിജെപിക്ക് 21 മുതല്‍ 25 സീറ്റുകള്‍ വരെ പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 18 മുതല്‍ 22 സീറ്റുകളും എന്‍പിഎഫിന് നാല് മുതല്‍ എട്ട് വരെയും മറ്റുള്ളവര്‍ക്ക് ഒന്ന് മുതല്‍ അഞ്ച് സീറ്റുകളും പ്രതീക്ഷിക്കുന്നു. ബിജെപിക്ക് 36 ശതമാനവും കോണ്‍ഗ്രസിന് 34 ശതമാനവും വോട്ട് വിഹിതം സര്‍വേ കണക്കാക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com