'കളക്ടറെ, വീട്ടില്‍ പണമില്ലെങ്കില്‍ എന്തിനാണ് പൂട്ടുന്നത്?'; അതിസുരക്ഷാ മേഖലയില്‍ മോഷണം, മോഷ്ടാവിന്റെ കത്ത് വൈറലാകുന്നു 

മോഷണം നടത്തിയ ശേഷം ഡെപ്യൂട്ടി കളക്ടറെ അഭിസംബോധന ചെയ്ത് ഒരു കുറിപ്പും എഴുതിവച്ച ശേഷമാണ് കള്ളന്‍ മടങ്ങിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: പല തരത്തിലുള്ള മോഷ്ടാക്കള്‍ ഉണ്ട്. ചിലര്‍ വീട്ടില്‍ ഭക്ഷണം പാചകം ചെയ്ത് കഴിച്ച ശേഷം മാത്രമേ മോഷണം ആരംഭിക്കൂ. മോഷണരീതിയുടെ അടിസ്ഥാനത്തില്‍ മോഷ്ടാക്കളെ തിരിച്ചറിയാന്‍ പൊലീസ് ശ്രമിക്കാറുണ്ട്. ഇപ്പോള്‍ മധ്യപ്രദേശിലെ ഡെപ്യൂട്ടി കളക്ടറുടെ വീട്ടില്‍ കയറിയ മോഷ്ടാവ് ചെയ്ത വേറിട്ട പ്രവൃത്തിയാണ് സോഷ്യല്‍മീഡിയയില്‍ അടക്കം വ്യാപകമായി പ്രചരിക്കുന്നത്.

മോഷണം നടത്തിയ ശേഷം ഡെപ്യൂട്ടി കളക്ടറെ അഭിസംബോധന ചെയ്ത് ഒരു കുറിപ്പും എഴുതിവച്ച ശേഷമാണ് കള്ളന്‍ മടങ്ങിയത്. വീട്ടില്‍ പണമില്ലെങ്കില്‍ പൂട്ടേണ്ടതില്ല എന്നാണ് കുറിപ്പിലെ വാചകം. ദേവാസില്‍ അതിസുരക്ഷാമേഖലയിലാണ് മോഷണം നടന്നത്. അത് കൊണ്ട് തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെ മോഷണം ഞെട്ടിച്ചിരിക്കുകയാണ്.

ഡെപ്യൂട്ടി കളക്ടര്‍ ത്രിലോചന്‍ ഗൗറിന്റെ ഔദ്യോഗിക വസതിയിലാണ് മോഷണം നടന്നത്. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, എസ്പി അടക്കം നിരവധി പ്രമുഖരുടെ വീടുകള്‍ ഉള്ള അതിസുരക്ഷാ മേഖലയിലാണ് മോഷണം നടന്നത്. മോഷണം നടക്കുന്ന സമയത്ത് ത്രിലോചന്‍ ഗൗര്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. 

തിരിച്ചുവീട്ടില്‍ എത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം അറിയുന്നത്. വീട്ടില്‍ സാധന സാമഗ്രികള്‍ എല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. 30,000 രൂപയും ഏതാനും സ്വര്‍ണാഭരണങ്ങളും മോഷണം പോയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മോഷ്ടാവ് എഴുതിയതെന്ന് ഒറ്റനോട്ടത്തില്‍ തോന്നുന്ന കത്ത് ലഭിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com