ഇന്ത്യന്‍ നിര്‍ദേശത്തോട് മുഖം തിരിച്ച് ചൈന ; കമാന്‍ഡര്‍ തല ചര്‍ച്ച പരാജയം

പ്രശ്‌ന പരിഹാരത്തിന് ചൈന യാതൊരു നിര്‍ദേശങ്ങളും മുന്നോട്ടു വെച്ചില്ലെന്ന് കരസേന വ്യക്തമാക്കി
ചെനീസ് സൈന്യം / എഎന്‍ഐ ചിത്രം
ചെനീസ് സൈന്യം / എഎന്‍ഐ ചിത്രം

ന്യൂഡല്‍ഹി : കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷത്തിന് പരിഹാരം കാണുന്നതിനുള്ള കമാന്‍ഡര്‍ തല ചര്‍ച്ച പരാജയപ്പെട്ടു. പ്രശ്‌നപരിഹാരത്തിന് ഇന്ത്യ മുന്നോട്ടുവെച്ച ക്രിയാത്മക നിര്‍ദേശങ്ങളോട് ചൈന ഒരു തരത്തിലും സഹകരിച്ചില്ലെന്ന് കരസേന അറിയിച്ചു. നിയന്ത്രണരേഖയിലെ ചൈനീസ് ഭാഗമായ ചുഷൂല്‍- മോള്‍ഡോ അതിര്‍ത്തിയില്‍ വെച്ചായിരുന്നു 13-ാം വട്ട കമാന്‍ഡര്‍ തല ചര്‍ച്ച നടന്നത്. 

ഇന്ത്യന്‍ നിര്‍ദേശം അംഗീകരിച്ചില്ലെന്ന് മാത്രമല്ല, പ്രശ്‌ന പരിഹാരത്തിന് ചൈന യാതൊരു നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചുമില്ല.അതിര്‍ത്തിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറാന്‍ ഒരുക്കമല്ലെന്ന് ചൈന അറിയിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന്  ചര്‍ച്ച യാതൊരു തീരുമാനവുമില്ലാതെ പിരിഞ്ഞുവെന്ന് കരസേന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണരേഖയിലെ പ്രശ്‌നങ്ങളാണ് ചര്‍ച്ചയില്‍ കേന്ദ്രീകരിച്ചത്. ഹോട്സ്പ്രിങ്, ദേപ്സാങ് മേഖലകളിലെ സൈനിക പിന്മാറ്റത്തിൽ ഊന്നിയായിരുന്നു ചർച്ച. ലെഫ്റ്റനൻ്റ് ജനറൽ പി ജി കെ മേനോൻ ആണ് ഇന്ത്യൻ പ്രതിനിധി സംഘത്തിന് നേതൃത്വം നൽകിയത്. രണ്ടു രാജ്യങ്ങൾക്കുമിടയിലെ നല്ല ബന്ധത്തിന് തർക്ക പരിഹാരം അനിവാര്യമെന്ന് ഇന്ത്യ അറിയിച്ചു. 

അതേസമയം ഇന്ത്യ യുക്തിരഹിതവും യഥാര്‍ത്ഥ്യമാക്കാന്‍ കഴിയാത്തതുമായ ആവശ്യങ്ങളാണ് ചര്‍ച്ചയില്‍ മുന്നോട്ടുവെച്ചതെന്ന് ചൈനീസ് സൈന്യത്തിലെ വെസ്‌റ്റേണ്‍ തിയേറ്റര്‍ കമാന്റ് പ്രസ്താവനയില്‍ ആരോപിച്ചു. അതിര്‍ത്തിയിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ ചൈന കഠിനശ്രമം നടത്തുകയാണെന്നും ചൈനീസ് സൈന്യം പ്രസ്താവനയില്‍ പറയുന്നു.

ചർച്ചകൾ തുടരാനാണ് ഇരുപക്ഷത്തിന്റെയും തീരുമാനം. ഇപ്പോൾ നിയന്ത്രണരേഖയിലുള്ള പ്രശ്നങ്ങൾ ചൈനയുടെ ഏകപക്ഷീയമായ നിലപാടാണെന്നാണ് ഇന്ത്യൻ നിലപാട്. ചൈനീസ് അതിർത്തിയിൽ ഒരിഞ്ച് പോലും വിട്ടുവീഴ്ച്ച ചെയ്യില്ലെന്ന് നേരത്തെ കരസേന മേധാവി ജനറൽ എംഎം നരവാനെ വ്യക്തമാക്കിയിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com