എട്ടടി ഉയരമുള്ള വാട്ടര്‍ടാങ്കില്‍ സ്വര്‍ണക്കുറുനരി കുടുങ്ങി ; അമ്പരന്ന് വീട്ടുകാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th October 2021 01:01 PM  |  

Last Updated: 11th October 2021 01:01 PM  |   A+A-   |  

golden jackal

Image Credit: Wildlife SOS

 

ന്യൂഡല്‍ഹി : സ്വര്‍ണക്കുറുനരി (ഗോള്‍ഡന്‍ ജക്കാല്‍) ഫാംഹൗസിലെ വാട്ടര്‍ടാങ്കില്‍ കുടുങ്ങി. ഡല്‍ഹി ഛത്തര്‍പുരിലെ ഭട്ടി ഖുര്‍ദിലുള്ള ഫാംഹൗസിലായിരുന്നു സംഭവം. എട്ടടി പൊക്കമുള്ള വാട്ടര്‍ ടാങ്കിലാണ് കുറുനരി കുടുങ്ങിയത്. ടാങ്കില്‍ വെള്ളമില്ലാത്തതിനാല്‍ കുറുനരിക്ക് അപകടമൊന്നും പറ്റിയില്ല. 

വീട്ടുകാര്‍ അറിയിച്ചതനുസരിച്ച് വൈല്‍ഡ്‌ലൈഫ് എസ്ഒഎസ് എന്ന സംഘടന സ്ഥലത്തെത്തി കുറുനരിയെ പിടികൂടി കൂട്ടിലാക്കി. പിന്നീട് ഇതിനെ അടുത്തുള്ള കാട്ടില്‍ കൊണ്ടുവിട്ടു. 

ചെന്നായ്ക്കളെക്കാള്‍ വലുപ്പം കുറവായ സ്വര്‍ണക്കുറുനരികള്‍ ഇന്ത്യയിലെമ്പാടുമുണ്ട്. ആര്‍ണോ റിവര്‍ ഡോഗ് എന്ന മൃഗത്തില്‍ നിന്നു പരിണാമം സംഭവിച്ചാണ് ഇവ ഉണ്ടായതെന്നാണ് കരുതപ്പെടുന്നത്. മെഡിറ്ററേനിയന്‍, മധ്യപൂര്‍വ ദേശങ്ങള്‍, തുര്‍ക്കി, മധ്യേഷ്യ, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, തായ്‌ലന്‍ഡ്, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇവയുടെ സാന്നിധ്യമുണ്ട്.

പഴങ്ങള്‍, വിവിധ പ്രാണികള്‍, കോഴികള്‍, എലി, അണ്ണാന്‍ തുടങ്ങിവയാണ് ഇവയുടെ ഭക്ഷണം. ഇന്ത്യന്‍ വൈല്‍ഡ് ക്യാറ്റ് എന്നറിയപ്പെടുന്ന കാട്ടുപൂച്ചയാണ് ഇന്ത്യയില്‍ ഇവരുടെ പ്രധാന പ്രതിയോഗികള്‍. നീളമുള്ള കാലുകളും ഭാരം കുറഞ്ഞ ശരീരവും ഒരുപാടു ദൂരത്തേക്കു ഭക്ഷണം തേടിയോടാന്‍ ഇവയെ പ്രാപ്തരാക്കുന്നതായി വനംവകുപ്പ് ജീവനക്കാര്‍ പറയുന്നു.