ഭര്‍ത്താവിന്റെ സ്വത്തു തട്ടണം, തുണി വയറ്റില്‍ കെട്ടിവച്ച് വ്യാജ ഗര്‍ഭം, സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ക്യാരിബാഗില്‍ പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; 'കൂപ്പണില്‍' കുരുങ്ങി, ഞെട്ടിക്കുന്ന തട്ടിപ്പ്‌

തമിഴ്‌നാട്ടില്‍ നാലുദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കേസില്‍ യുവതി അറസ്റ്റില്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ചെന്നൈ: തമിഴ്‌നാട്ടില്‍ നാലുദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കേസില്‍ യുവതി അറസ്റ്റില്‍. ഭര്‍ത്താവില്‍ നിന്ന് സ്വത്ത് തട്ടാനാണ് യുവതി നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു.

തഞ്ചാവൂരിലാണ് സംഭവം. ഗുണശേഖരന്‍, രാജലക്ഷ്മി ദമ്പതികളുടെ നാല് ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് വിജി തട്ടിക്കൊണ്ടുപോയത്. തഞ്ചാവൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പ്രസവത്തിനായി ആശുപത്രിയില്‍ എത്തിയ ഗുണശേഖരനെയും രാജലക്ഷ്മിയെയും സഹായിക്കാന്‍ മറ്റാരും ഇല്ലെന്ന് മനസിലാക്കി സഹായിക്കാന്‍ എന്ന വ്യാജേന അടുത്തുകൂടി അടുപ്പം സ്ഥാപിച്ചാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. രാജലക്ഷ്മിയെ വാഷ്‌റൂമിലേക്കും ഗുണശേഖരനെ സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്കും പറഞ്ഞയച്ച ശേഷം ആശുപത്രി കിടക്കയില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ക്യാരിബാഗിലാണ് കുട്ടിയെ ആശുപത്രിയ്ക്ക് പുറത്തേയ്ക്ക് കൊണ്ടുപോയത്. ദമ്പതികളുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് യുവതിയെ തിരിച്ചറിഞ്ഞത്. യുവതി ആശുപത്രിയില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കയറി പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി. ഓട്ടോറിക്ഷ ഡ്രൈവറെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിജി പിടിയിലായത്. 

വിജി രണ്ടുതവണ വിവാഹമോചനം നേടിയ സ്ത്രീയാണ്.ബാലമുരുകനെ  മൂന്നാമത്് കല്യാണം കഴിച്ച് കുടുംബജീവിതം തുടരുന്നതിനിടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ബാലമുരുകന്റെ  സ്വത്തുക്കള്‍ തട്ടാനാണ് തട്ടിപ്പ് നടത്തിയതെന്ന് യുവതി മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. താന്‍ ഗര്‍ഭിണിയാണെന്ന് കഴിഞ്ഞ ഒന്‍പത് മാസവും യുവതി ബാലമുരുകനെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. വയറില്‍ തുണി കെട്ടിവെച്ചാണ് യുവതി ബാലമുരുകനെ പറ്റിച്ചിരുന്നത്. പ്രസവത്തിന് ഭര്‍ത്താവിന്റെ സഹായം ആവശ്യമില്ല എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് യുവതി സര്‍ക്കാര്‍ ആശുപത്രിയില്‍ പോയത്. ഇവിടവച്ചാണ് യുവതി നാലുദിവസം മാത്രമുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. 

കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന് മുന്‍പ് കുഞ്ഞിന് ധരിക്കാനായി കടയില്‍ നിന്ന് ഡയപ്പര്‍ വാങ്ങിയിരുന്നു. സമ്മാനപദ്ധതിയുടെ ഭാഗമായി സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് കടയില്‍ നിന്ന് കൂപ്പണ്‍ നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി നല്‍കിയ മൊബൈല്‍ നമ്പറാണ് പ്രതിയെ പിടികൂടുന്നതില്‍ നിര്‍ണായകമായത്. കാണാതായി 30 മണിക്കൂറിനുള്ളിലാണ് പിഞ്ചു കുഞ്ഞിനെ കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com