ദീപാവലിക്ക് പടക്കം പൊട്ടിക്കണോ? എന്താണ് ഹരിത പടക്കം; നിരോധനം ഇങ്ങനെ 

ചില സംസ്ഥാനങ്ങൾ പടക്കങ്ങൾ പൂർണ്ണമായും നിരോധിച്ചപ്പോൾ മറ്റു ചില സംസ്ഥാനങ്ങളിൽ ഹരിത പടക്കങ്ങൾ ഉപയോഗിക്കാം എന്നാണ് നിർദേശം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ദീപാവലി, ക്രിസ്മസ്, ന്യൂഇയർ ഇങ്ങനെ ഒന്നിനുപിന്നാലെ ഒന്നായി ആഘോഷങ്ങൾ എത്തുകയാണ്. ഉത്സവകാലം ആഘോഷമാക്കാൻ തയ്യാറെടുപ്പുകൾ തുടങ്ങുമ്പോൾ കൂടുതൽ പേരും ചിന്തിക്കുന്നത് പടക്കം വാങ്ങുന്നതിനെക്കുറിച്ചാണ്. എന്നാൽ വായൂ മലിനീകരണം ഭീഷണിയായതോടെ രാജ്യത്തെ പല സംസ്ഥാനങ്ങളും പടക്കം പൊട്ടിച്ചുള്ള ആഘോഷങ്ങൾക്ക് നിയന്ത്രം ഏർപ്പെടുത്തിക്കഴിഞ്ഞു. ചിലയിടത്ത് പടക്കങ്ങൾ പൂർണ്ണമായും നിരോധിച്ചപ്പോൾ മറ്റു ചില സംസ്ഥാനങ്ങളിൽ ഹരിത പടക്കങ്ങൾ ഉപയോഗിക്കാം എന്നാണ് നിർദേശം. 

എന്താണ് ഹരിത പടക്കങ്ങൾ അഥവാ ഗ്രീൻ ക്രാക്കേഴ്‌സ്?

2017ൽ പടക്കങ്ങൾ പൂർണ്ണമായും നിരോധിച്ചതിന് പിന്നാലെ ആഘോഷ വേളകളിൽ ഉപയോഗിക്കാൻ അനുമതി നൽകിയിരിക്കുന്നവയാണ് ഹരിത പടക്കങ്ങൾ. സാധാരണ പടക്കങ്ങളെക്കാൾ 30% വായു മലീനികരണത്തോത് കുറഞ്ഞവയാണ് ഹരിത പടക്കങ്ങൾ.  ബേരിയം നൈട്രേറ്റില്ലാതെയാണ് ഇവയുടെ നിർമാണം. ലിഥിയം, ആർസെനിക്, ലെഡ് തുടങ്ങിയവയും ഹരിത പടക്കങ്ങളിൽ അടങ്ങിയിട്ടില്ല. 

രാജസ്ഥാനിൽ ഹരിത പടക്കങ്ങൾ മാത്രം

പടക്കങ്ങളുടെ ഉപയോഗവും വിൽപനയും പൂർണ്ണമായി നിരോധിച്ച തീരുമാനത്തിൽ മാറ്റം വരുത്തിക്കൊണ്ട് ഹരിത പടക്കങ്ങൾക്ക് അനുമതി നൽകിയിരിക്കുകയാണ് രാജസ്ഥാൻ. ആഘോഷവേളയിലാണെങ്കിലും പടക്കം പൊട്ടിക്കാൻ പ്രത്യേക സമയം നിശ്ചയിച്ചിട്ടുണ്ട്. ദീപാവലിക്ക് രാത്രി എട്ട് മണിക്കും 10 മണിക്കും ഇടയിലും ക്രിസ്മസിനും ന്യൂഇയറിനും രാത്രി 11:55 മുതൽ 12:30 വരെയുമാണ് പടക്കം പൊട്ടിക്കാൻ അനുവാദമുണ്ടാകും. അതേസമയം സംസ്ഥാനത്ത് വായു ഗുണനിലവാരം മോശമായ പ്രദേശങ്ങളിൽ പടക്ക നിരോധനം തുടരും. 

ഡൽഹിയിൽ പൂർണ്ണ നിരോധനം

2022 ജനുവരി 1 വരെ ഡൽഹിയിൽ പടക്കം പൊട്ടിക്കുന്നതിനും വിൽക്കുന്നതിനും പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. കോവിഡ് മഹാമാരി വീണ്ടും വ്യാപിക്കാൻ സാധ്യത കൽപ്പിക്കുന്നതുകൊണ്ടും ഡൽഹിയിലെ അതിരൂക്ഷമായ വായൂമലിനീകരണവുമാണ് പടക്കനിരോധനം കർശനമാക്കാൻ കാരണം. ഒന്നിച്ചുകൂടിയുള്ള ഇത്തരം ആഘോഷങ്ങൾക്കിടെ സാമൂഹിക അകലം പോലുള്ള മുൻകരുതലുകൾ മറക്കാൻ ഇടയാകുമെന്നാണ് വിലയിരുത്തൽ. 

അനധികൃതമായി പടക്കം വിൽക്കുന്ന വിവരം ലഭിച്ചതനുസരിച്ച് പൊലീസ് ഡൽഹിയിൽ പല ഗോഡൗണുകളിലും മിന്നൽ റെയിഡ് അടക്കമുള്ള പരിശോധന ശക്തമാക്കിയിട്ടുണ്ട്. 

ഇളവ് ചോദിച്ച് സ്റ്റാലിൻ

പല സംസ്ഥാനങ്ങളും പടക്കത്തിന് നിയന്ത്രണവും നിരോധനവുമായി രംഗത്തെത്തുമ്പോൾ ഇവയിൽ ഇളവ് ചോദിച്ചാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ഇടപെടൽ. ദീപാവലി ആഘോഷക്കാലത്ത് പടക്കങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം നീക്കണമെന്ന് അഭ്യർഥിച്ച് നാല് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് സ്റ്റാലിൻ കത്തയച്ചു. നിരോധനം ശിവകാശിയിലെ പടക്ക വ്യവസായത്തെ പ്രതിസന്ധിയിലാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഡൽഹി, ഒഡിഷ, രാജസ്ഥാൻ, ഹരിയാണ മുഖ്യമന്ത്രിമാർക്ക് കത്തയച്ചത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള മാനദണ്ഡങ്ങൾ പാലിച്ചുള്ള പടക്കങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകണമെന്നാണ് സ്റ്റാലിന്റെ ആവശ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com