200 കോടി തട്ടിപ്പില്‍ നടി ലീന പോളിന് നിര്‍ണായകപങ്ക്; കസ്റ്റഡി നീട്ടി

പണം എവിടെനിന്നു വന്നു എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത ലഭിക്കാനുണ്ടെന്നും ദിവസങ്ങള്‍ കൂടി പ്രതിയെ കസ്റ്റഡിയില്‍ വേണമെന്നും ഇഡി കോടതിയെ അറിയിച്ചു
ലീന മരിയ പോൾ/ഫോട്ടോ:ഫെയ്സ്ബുക്ക്
ലീന മരിയ പോൾ/ഫോട്ടോ:ഫെയ്സ്ബുക്ക്


ന്യൂഡല്‍ഹി: ബിസിനസുകാരന്റെ ഭാര്യയില്‍നിന്ന് 200 കോടി രൂപ തട്ടിയെടുത്തു കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ നടി ലീന മരിയ പോളിന്റെ കസ്റ്റഡി കാലാവധി നീട്ടി. ഡല്‍ഹി കോടതി ഒക്ടോബര്‍ 23വരെയാണ് നീട്ടിയത്. കുറ്റകൃത്യത്തില്‍ ലീനയ്ക്കു നിര്‍ണായക പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണു നടപടി.

ഭര്‍ത്താവിനൊപ്പം ലീനയ്ക്കും നിര്‍ണയാക പങ്ക്‌
 

കുറ്റകൃത്യത്തിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഗുണഭോക്താവ് മാത്രമല്ല, മുഖ്യപ്രതിയും ഭര്‍ത്താവുമായ സുകേഷ് ചന്ദ്രശേഖറിനൊപ്പം കുറ്റം  ചെയ്യുന്നതിലും ലീനയ്ക്കു നിര്‍ണായക പങ്കുണ്ടെന്ന് ഇഡി കോടതിയില്‍ അറിയിച്ചു. പണം എവിടെനിന്നു വന്നു എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത ലഭിക്കാനുണ്ടെന്നും ദിവസങ്ങള്‍ കൂടി പ്രതിയെ കസ്റ്റഡിയില്‍ വേണമെന്നും ഇഡി കോടതിയെ അറിയിച്ചു. കോടതി ഇത് അനുവദിച്ചില്ലെങ്കില്‍ കേസന്വേഷണം തണുത്തുപോകുമെന്നും ഇഡി പറഞ്ഞു.

കസ്റ്റഡിയിലും ചോദ്യം ചെയ്യലിലും ലീനയ്ക്കു കോവിഡ് ബാധിക്കാതിരിക്കാന്‍ കൃത്യമായ അകലം ഉറപ്പാക്കാന്‍ ശ്രദ്ധിക്കും. ലീനയുടെ മൂന്ന് മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള വിവരങ്ങള്‍ വീണ്ടെടുക്കാനുണ്ട്. ജോണ്‍ എബ്രഹാം അഭിനയിച്ച മദ്രാസ് കഫെ ഉള്‍പ്പെടെയുള്ള സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ലീന, കുറ്റകൃത്യത്തിന്റെ വരുമാനം സംബന്ധിച്ച വിവരങ്ങള്‍ മനഃപൂര്‍വം മറച്ചുവയ്ക്കുന്നുവെന്നും ഇഡി ആരോപിച്ചു.

ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍ മുന്‍ പ്രമോട്ടര്‍ ശിവിന്ദര്‍ മോഹന്‍ സിങ്ങിന്റെ ഭാര്യ അദിതി സിങ്ങിനെ ദമ്പതികള്‍ വഞ്ചിച്ചെന്നാണ് ആരോപണം. കഴിഞ്ഞ വര്‍ഷം ജൂണില്‍ നിയമ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായി വേഷമിട്ട ഒരാള്‍, ജയിലിലായിരുന്ന തന്റെ ഭര്‍ത്താവിനു ജാമ്യം ഉറപ്പാക്കാമെന്നു വാഗ്ദാനം ചെയ്തു പണം ചോദിച്ചെന്ന് ഡല്‍ഹി പൊലീസില്‍ അദിതി പരാതി നല്‍കിയിരുന്നു. 2019ല്‍ റെലിഗെയര്‍ ഫിന്‍വെസ്റ്റ് ലിമിറ്റഡിലെ ഫണ്ട് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണു ശിവിന്ദര്‍ അറസ്റ്റിലായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com