കര്‍ഷകരുടെ റെയില്‍ ഉപരോധത്തില്‍ താളംതെറ്റി റെയില്‍വേ, 160ലധികം സര്‍വീസുകള്‍ തടസ്സപ്പെട്ടു- വീഡിയോ 

പ്രതിഷേധത്തിന്റെ ഭാഗമായി പഞ്ചാബിലെയും മറ്റിടങ്ങളിലെയും കര്‍ഷകര്‍ റെയില്‍വേ ട്രാക്കില്‍ കുത്തിയിരിപ്പ് സമരം നടത്തി
സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടത്തുന്ന റെയില്‍ ഉപരോധം
സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടത്തുന്ന റെയില്‍ ഉപരോധം

ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തിയ റെയില്‍ ഉപരോധത്തില്‍ രാജ്യവ്യാപകമായി 160ലധികം ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു. പ്രതിഷേധത്തിന്റെ ഭാഗമായി പഞ്ചാബിലെയും മറ്റിടങ്ങളിലെയും കര്‍ഷകര്‍ റെയില്‍വേ ട്രാക്കില്‍ കുത്തിയിരിപ്പ് സമരം നടത്തി. ഉപരോധം കണക്കിലെടുത്ത് റെയില്‍വേ സ്‌റ്റേഷനുകളില്‍ സുരക്ഷാ സേനയെ വിന്യസിച്ചിരുന്നു.

റെയില്‍ ഉപരോധം

ലഖിംപൂരില്‍ വാഹനം ഇടിച്ചു കയറ്റി നാലു കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആഷിഷിനെ അറസ്റ്റ് ചെയ്തിരുന്നു. വ്യാപക പ്രതിഷേധത്തിനും കോടതിയുടെ ഇടപെടലിനെയും തുടര്‍ന്നായിരുന്നു അറസ്റ്റ്. എന്നാല്‍ അജയ് മിശ്ര
സര്‍ക്കാരിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കാലത്തോളം കേസില്‍ നീതി ലഭിക്കില്ലെന്ന് ആരോപിച്ചാണ് കര്‍ഷകര്‍ റെയില്‍ ഉപരോധം നടത്തിയത്. അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം, അറസ്റ്റ് ചെയ്യണം എന്നി ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്ത കിസാന്‍ മോര്‍ച്ചയാണ് റെയില്‍ ഉപരോധത്തിന് ആഹ്വാനം ചെയ്തത്. രാവിലെ പത്തുമണി മുതല്‍ വൈകീട്ട് നാലുമണി വരെയായിരുന്നു ഉപരോധം.

റെയില്‍ ഉപരോധത്തിന് ആഹ്വാനം ചെയ്തത് സംയുക്ത കിസാന്‍ മോര്‍ച്ച

ഉപരോധത്തില്‍ രാജ്യത്തൊട്ടാകെ 160ലധികം ട്രെയിന്‍ സര്‍വീസുകളാണ് തടസ്സപ്പെട്ടത്. സമരം കണക്കിലെടുത്ത് റെയില്‍വേ സ്റ്റേഷനുകളില്‍ സുരക്ഷാ സേനയെ വിന്യസിച്ചിരുന്നു. ഫിറോസ്പൂര്‍ ഡിവിഷന്റെ കീഴിലുള്ള നാലു വിഭാഗങ്ങളുടെ പ്രവര്‍ത്തനം പ്രതിഷേധക്കാര്‍ തടസ്സപ്പെടുത്തിയതായി റെയില്‍വേ ആരോപിക്കുന്നു.

കര്‍ഷകരുടെ ആരോപണങ്ങള്‍ തള്ളുന്ന നിലപാടാണ് കേന്ദ്രമന്ത്രി സ്വീകരിച്ചത്. സംഭവ സമയത്ത് മകന്‍ അവിടെ ഉണ്ടായിരുന്നില്ലെന്നാണ് കേന്ദ്രമന്ത്രി ആവര്‍ത്തിക്കുന്നത്. ആഷിഷും അച്ഛന്റെ നിലപാട് തന്നെയാണ് ആവര്‍ത്തിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com