രഞ്ജിത് സിങ് കൊലപാതകക്കേസ്: ഗുര്‍മീത് റാം റഹീമിന് ജീവപര്യന്തം; 35 ലക്ഷം രൂപ പിഴ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th October 2021 07:07 PM  |  

Last Updated: 18th October 2021 07:07 PM  |   A+A-   |  

gurmeet

ഹണിപ്രീതിനൊപ്പം ഗുര്‍മീത് റാം റഹീം

 

ന്യൂഡല്‍ഹി: മുന്‍ മാനേജര്‍ രഞ്ജിത്ത് സിങ്ങിനെ  കൊലപ്പെടുത്തിയ കേസില്‍ ഗുര്‍മീത് റാം റഹീമിന് ജീവപര്യന്തം തടവ് ശിക്ഷ. റാം റഹീമിനെ കൂടാതെ മറ്റ് നാല് പേര്‍ക്കും ജീവപര്യന്തം ശിക്ഷയുണ്ട്. കൃഷ്ണ ലാല്‍, ജസ്ബീര്‍ സിംഗ്, അവതാര്‍ സിംഗ്, സബ്ദില്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ. 

തടവ് ശിക്ഷയ്ക്കു പുറമേ  ഗുര്‍മീതിന് 31 ലക്ഷം രൂപ പിഴയൊടുക്കണം.  മറ്റ് പ്രതികള്‍ക്ക് 50,000 രൂപ വീതവും പിഴ വിധിച്ചു.   പാഞ്ച്കുല പ്രത്യേക സി ബി ഐ കോടതിയുടേതാണ് ഉത്തരവ്. വിചാരണക്കിടെ ആറാം പ്രതി കഴിഞ്ഞ വര്‍ഷം മരിച്ചിരുന്നു. ഗുര്‍മീത് സ്ത്രീകളെ ചൂഷണം ചെയ്യുന്ന രീതികളെ കുറിച്ച് നേരത്തെ ഒരു കത്ത് പ്രചരിച്ചിരുന്നു. ഇതിന് പിന്നില്‍ രഞ്ജിത് ആണെന്ന് സംശയമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇയാളെ ഗുര്‍മീതും കൂട്ടാളികളും കൊലപ്പെടുത്തിയത്. 

തന്റെ ഭക്തരായ രണ്ട് യുവതികളെ പീഡിപ്പിച്ച കേസില്‍ ഇരുപത് വര്‍ഷത്തെ തടവ് വിധിക്കപ്പെട്ട് 2017 മുതല്‍ ഗുര്‍മീത് റാം റഹീം റോഹ്താങ്കിലെ സുനാരിയ ജയില്‍ തടവിലാണ്. 2002 ലാണ് റാം റഹീമിന്റെ മാനേജരായിരുന്ന രഞ്ജിത് സിംഗ് വെടിയേറ്റ് കൊല്ലപ്പെട്ടത്. മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മറ്റൊരു ജീവപര്യന്തം ശിക്ഷ റാം റഹീം അനുഭവിക്കുന്നുണ്ട്. 

2002 നവംബര്‍ രണ്ടിനാണ് മാധ്യമപ്രവര്‍ത്തകന്‍ ഛത്രപതിക്കെതിരെ ഗുര്‍മീത് വെടിയുതിര്‍ത്തത്. സിര്‍സയിലെ ദേരാ സച്ചാ ആസ്ഥാനത്ത് ഗുര്‍മീത് എങ്ങനെയാണ് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതെന്ന് പൂരാ സച്ച് എന്ന തന്റെ പത്രത്തിലൂടെ ഛത്രപതി വെളിപ്പെടുത്തിയിരുന്നു. ഇതിനെതുടര്‍ന്നാണ് ഛത്രപതിയെ ഗുര്‍മീത് വെടിവച്ചത്.

സാരമായ പരിക്കുകളോടെ ഛത്രപതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 2003ല്‍ മരണത്തിന് കീഴടങ്ങി. തുടര്‍ന്ന് ആ വര്‍ഷം സംഭവത്തില്‍ കേസ് എടുക്കുകയും 2006ല്‍ കേസ് സി ബി ഐയ്ക്ക് കൈമാറുകയും ചെയ്തു. ആശ്രമത്തിലെ രണ്ട് സന്യാസിനികളെ ബലാത്സംഗം ചെയ്ത കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ഗുര്‍മീത് സിംഗ് നിലവില്‍ ഹരിയാനയിലെ സുനരിയ ജയിലിലാണ്.