പലഹാരത്തില്‍ വിഷം കലര്‍ത്തി മാതാപിതാക്കള്‍ അടക്കം വീട്ടിലെ നാലുപേരെ കൊലപ്പെടുത്തി ; 17 കാരി അറസ്റ്റില്‍

റാഗി കൊണ്ടുണ്ടാക്കിയ പലഹാരത്തില്‍ വിഷം കലര്‍ത്തിയാണ് യുവതി വീട്ടുകാരെ കൊലപ്പെടുത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു:  അച്ഛന്‍, അമ്മ, സഹോദരി, മുത്തശ്ശി എന്നിവരെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ 17 കാരി അറസ്റ്റില്‍. കൊലപാതകം നടന്ന് മൂന്നു മാസത്തിന് ശേഷമാണ് പെണ്‍കുട്ടി പിടിയിലാകുന്നത്. കര്‍ണാടകത്തിലെ ചിത്രദുര്‍ഗയിലാണ് സംഭവം.  

ജൂലായ് 12നാണ് ഗൊള്ളാരഹട്ടി ഇസാമുദ്ര സ്വദേശി തിപ്പ നായിക് (45), ഭാര്യ സുധാഭായ് (40), മകള്‍ രമ്യ (16), ഗുന്ദിബായ് (80) എന്നിവര്‍ ഭക്ഷണം കഴിച്ചതിനു പിന്നാലെ അവശനിലയിലായി മരിച്ചത്. മകന്‍ രാഹുലും വിഷം കലര്‍ന്ന ഭക്ഷണം കഴിച്ചെങ്കിലും ചികിത്സയിലൂടെ രക്ഷപ്പെട്ടു. 

സംഭവത്തില്‍ തിപ്പനായിക്കിന്റെ മൂത്തമകളാണ് അറസ്റ്റിലായത്. റാഗി കൊണ്ടുണ്ടാക്കിയ പലഹാരത്തില്‍ വിഷം കലര്‍ത്തിയാണ് യുവതി വീട്ടുകാരെ കൊലപ്പെടുത്തിയത്. കൂലിപ്പണിക്കുപോകാന്‍ നിര്‍ബന്ധിച്ചതാണ് കൊലയ്ക്കു കാരണമെന്ന് പൊലീസ് പറഞ്ഞു.

പലഹാരം കഴിക്കാതെ പെണ്‍കുട്ടി

പെണ്‍കുട്ടിയുടെ അമ്മ വൈകീട്ട് കൂലിപ്പണി കഴിഞ്ഞ് എത്തിയപ്പോഴാണ് കഴിക്കാന്‍ പലഹാരം ഉണ്ടാക്കിയത്. ഇതിനിടെ വീട്ടില്‍ വൈദ്യുതി പോയിരുന്നു. ഈ സമയം ആരോ വീട്ടില്‍ക്കടന്ന് ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതാകാമെന്നാണ് ആദ്യം സംശയിച്ചത്. ഭക്ഷണമുണ്ടാക്കാനുപയോഗിച്ച സാധനങ്ങള്‍ ഫൊറന്‍സിക് പരിശോധനക്ക് അയച്ചിരുന്നു. 

സംഭവദിവസം മൂത്തമകള്‍ പലഹാരം കഴിക്കാതിരുന്നത് പൊലീസിന് സംശയം ജനിപ്പിച്ചു. ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി കുറ്റം സമ്മതിച്ചു. കുടുംബത്തിലെ മറ്റുള്ളവരെപ്പോലെ തന്നോടും കൂലിപ്പണിക്കുപോകാന്‍ നിര്‍ബന്ധിച്ചതിലുള്ള ദേഷ്യമാണ്  കൊലചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് യുവതി മൊഴി നല്‍കി. വീട്ടുകാര്‍ മിക്കപ്പോഴും വഴക്കുപറയുന്നതിലുള്ള വൈരാഗ്യവും പ്രേരണയായെന്ന് പൊലീസ് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com