കുത്തിയൊലിച്ച് ഒഴുകുന്ന നദിയുടെ നടുവില്‍ കാട്ടാന, പിന്നെ സംഭവിച്ചത്- വീഡിയോ 

 ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് കരകവിഞ്ഞ് ഒഴുകുന്ന നദിയില്‍ കുടുങ്ങിയ കാട്ടാനയുടെ ദൃശ്യങ്ങള്‍ പുറത്ത്
കുത്തിയൊലിച്ച് ഒഴുകുന്ന നദിയില്‍ കുടുങ്ങിയ കാട്ടാന
കുത്തിയൊലിച്ച് ഒഴുകുന്ന നദിയില്‍ കുടുങ്ങിയ കാട്ടാന

ഡെറാഡൂണ്‍:  ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് കരകവിഞ്ഞ് ഒഴുകുന്ന നദിയില്‍ കുടുങ്ങിയ കാട്ടാനയുടെ ദൃശ്യങ്ങള്‍ പുറത്ത്. കുത്തിയൊലിച്ച് ഒഴുകുന്ന നദിയുടെ നടുവില്‍ കുടുങ്ങിയ കാട്ടാന പ്രതിബന്ധങ്ങളെയെല്ലാം അതിജീവിച്ച് നീന്തി കരയ്ക്ക് കയറി. 

സുരേന്ദര്‍ മെഹ്‌റ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. പ്രകൃതിക്ഷോഭത്തെ നേരിടാന്‍ വന്യജീവികള്‍ക്ക് പ്രത്യേക കഴിവുണ്ട് എന്ന കുറിപ്പോടെയാണ് ട്വീറ്റ്. കനത്തമഴയില്‍ കരകവിഞ്ഞ് ഒഴുകുന്ന നദിയുടെ നടുക്ക് കാട്ടാന നില്‍ക്കുന്നതാണ് വീഡിയോയിലുള്ളത്. നദിയില്‍ കുടുങ്ങിപ്പോയ കാട്ടാന ഒടുവില്‍ നീന്തി കാട് കയറിയതായി പ്രകൃതിക്ഷോഭങ്ങളെ നേരിടാന്‍ വന്യജീവികള്‍ക്ക് പ്രത്യേക കഴിവുണ്ട് എന്ന വിശേഷണത്തോടെ സുരേന്ദര്‍ മെഹ്‌റ അറിയിച്ചു. 

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം 

അതിനിടെ ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് ഉണ്ടായ അതിതീവ്രമഴയില്‍ മരണം 17 ആയി. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന്റെ അടിയിലായതോടെ കനത്ത നാശനഷ്ടമാണ് സംസ്ഥാനത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. റെയിലും പാലവും ഒലിച്ചുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. റോഡുകളും തെരുവുകളും വെള്ളത്തിന്റെ അടിയിലായതോടെ നിരവധിപ്പേര്‍ ഒറ്റപ്പെട്ടു. 

നൈനിറ്റാളിലെ രാംഘട്ടിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. ഇതിന് പിന്നാലെ ഉണ്ടായ അതിതീവ്രമഴയാണ് സംസ്ഥാനത്തെ ദുരിതത്തിലാക്കിയത്. നീരൊഴുക്ക് ശക്തമായതോടെ നൈനിറ്റാള്‍ തടാകം കരകവിഞ്ഞ് ഒഴുകി. ഇതോടെയാണ് തെരുവുകളും റോഡുകളും വെള്ളത്തിന്റെ അടിയിലായത്. കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കനത്തമഴ തുടരുകയാണ്. 

വെള്ളക്കെട്ടില്‍ ഒറ്റപ്പെട്ടു പോയവരെ രക്ഷിക്കുന്നതിന് വ്യോമസേനയുടെ സഹായം തേടിയിട്ടുണ്ട്. ദുരന്തനിവാരണ സേനയിലെ അംഗങ്ങള്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. അതിനിടെ രാംനഗറിലെ ഒരു റിസോര്‍ട്ടില്‍ നൂറിലധികം ആളുകള്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.കനത്തമഴയില്‍ കോസി നദി കരകവിഞ്ഞതാണ് റിസോര്‍ട്ടിനും ചുറ്റും വെള്ളം ഉയരാന്‍ കാരണമായത്. 

ബദരീനാഥ് ഹൈവേയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. മണ്ണിടിച്ചിലില്‍ കുടുങ്ങിപ്പോയ കാറിലെ യാത്രക്കാരെ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ ജീവനക്കാര്‍ രക്ഷിച്ചു. ഗൗല നദിക്ക് കുറുകെയുള്ള പാലം ഒലിച്ചുപോയി. പാലം ഒലിച്ചുപോകുന്നതിന് തൊട്ടുമുന്‍പ് മുറിച്ച് കടക്കാന്‍ ശ്രമിച്ച ബൈക്ക് യാത്രക്കാരനെ തിരിച്ചയച്ചു. പിന്നാലെ പാലം ഒലിച്ചുപോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com