ഓട്ടത്തിനിടെ പുക, ഇരുപതു മിനിറ്റില്‍ കാര്‍ കത്തി നശിച്ചു; കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

ഓടുന്നതിനിടെ കാര്‍ കത്തി നശിച്ച സംഭവത്തില്‍ ഉടമസ്ഥന് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ വിധി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഓടുന്നതിനിടെ കാര്‍ കത്തി നശിച്ച സംഭവത്തില്‍ ഉടമസ്ഥന് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ വിധി. ചെക് റിപ്പബ്ലിക് ആസ്ഥാനമായ കാര്‍ കമ്പനിയുടെ ഇന്ത്യന്‍ സബ്‌സിഡിയറി പണം നല്‍കണമെന്നാണ് കമ്മിഷന്റെ ഉത്തരവ്.

പതിനാലു വര്‍ഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവം. തന്റെ സഹോദരനും കുടുംബവും രാംപുരിയില്‍നിന്നു നാഗ്പുരിലേക്കു വരുംവഴി പെട്ടെന്നു വണ്ടിയില്‍നിന്നു പുക ഉയരുകയായിരുന്നെന്ന് പരാതിക്കാരന്‍ പറഞ്ഞു. ഇരുപതോ ഇരുപത്തിയഞ്ചോ മിനിറ്റുകൊണ്ട് കാര്‍ പൂര്‍ണമായും കത്തി നശിച്ചു. 15 ലക്ഷം രൂപയുടെ നഷ്ടമാണ് തനിക്കുണ്ടായത്. ഇതില്‍ 10,99,000 രൂപയാണ് ഇന്‍ഷുറന്‍സ് ഇനത്തില്‍ ലഭിച്ചതെന്ന് പരാതിക്കാരന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

2015ല്‍ പരാതി മഹാരാഷ്ട്രാ സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം തള്ളിയിരുന്നു. കാറിനു നിര്‍മാണ തകരാര്‍ ഉണ്ടെന്നു സ്ഥാപിക്കാന്‍ പരാതിക്കാരന് ആയില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിനെ ചോദ്യം ചെയ്താണ് ദേശീയ കമ്മിഷനെ സമീപിച്ചത്.

പതിമൂന്നു ലക്ഷം രൂപയ്ക്ക് 2006ലാണ് താന്‍ കാര്‍ വ്ാങ്ങിയതെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. കമ്പനിയുടെ അംഗീകൃത കേന്ദ്രത്തില്‍ മുടക്കമില്ലാതെ സര്‍വീസ് നടത്തിയിരുന്നു. കമ്പനി നിര്‍ദേശിക്കാത്ത ഒന്നും വാഹനത്തില്‍ ഘടിപ്പിച്ചില്ലായിരുന്നുവെന്നും ഹര്‍ജിയില്‍ പറഞ്ഞു.

അംഗീകൃതമല്ലാത്ത സര്‍വീസ് സെന്റര്‍ വഴി ഉടമ കാറിന്റെ ഇലക്ട്രിക് സംവിധാനത്തില്‍ മാറ്റം വരുത്തിയിരുന്നുവെന്നാണ് കമ്പനി വാദിച്ചത്. പുതിയതായി സ്റ്റിരിയോ ആംപ്ലിഫയര്‍ സ്ഥാപിക്കാനായിരുന്നു ഇതെന്നും കമ്പനി പറഞ്ഞു. എന്നാല്‍ ഇതു തള്ളിയ കമ്മിഷന്‍ കമ്പനിയുടെ ഭാഗത്തുനിന്നു വീഴ്ച വന്നിട്ടുണ്ടെന്നു വിലയിരുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com