അമരീന്ദറുമായി സഖ്യത്തിന് തയ്യാര്‍; വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് ബിജെപി
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th October 2021 09:16 PM |
Last Updated: 20th October 2021 09:16 PM | A+A A- |

അമരീന്ദര്‍ സിങ്/ഫയല്‍ ചിത്രം
ചണ്ഡിഗഡ്: പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്നും ബിജെപിയുമായി സഹകരിക്കാന്‍ തയ്യാറാണെന്നും മുന്‍ കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ അമരീന്ദര്‍ സിങ് പറഞ്ഞതിന് പിന്നാലെ സഖ്യത്തിന് തയ്യാറാണെന്ന് പഞ്ചാബ് ബിജെപി നേതാവ്. പാര്‍ട്ടിയുടെ പഞ്ചാബ് ചുമതലക്കാരനായ ദുഷ്യന്ത് ഗൗതമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
'രാജ്യത്തെ കുറിച്ചും ദേശസുരക്ഷയെ കുറിച്ചും കരുതലുള്ളവരുമായി സഖ്യത്തില്‍ ഏര്‍പ്പെടാന്‍ ബിജെപി എന്നും തയ്യാറായാണ്. സഖ്യത്തിനായി ഞങ്ങളുടെ വാതിലുകള്‍ തുറന്ന് കിടക്കുകയാണ്. പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോര്‍ഡ് വിഷയത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കും' ഗൗതം പറഞ്ഞു.
സംസ്ഥാനത്തെ ജനങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് പാര്‍ട്ടിക്ക് അമരീന്ദര്‍ സിങുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നത്്. എന്നാല്‍ ദേശ സുരക്ഷയുമായി ബന്ധപ്പെട്ട് അദ്ദേഹം സ്വീകരിച്ചിരുന്ന നിലപാടുകളെ എന്നും ബിജെപി പ്രശംസിച്ചിരുന്നു. കര്‍ഷക സമരം രമ്യമായി പരിഹരിക്കാന്‍ ബിജെപി ശ്രമിക്കുമെന്നും ദുഷ്യന്ത് ഗൗതം പറഞ്ഞു
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസ് നേതൃത്വവുമായി തെറ്റിയ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് കഴിഞ്ഞ ദിവസമാണ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട സൂചനകള്‍ നല്‍കിയത്. കര്‍ഷക സമരത്തില്‍ പരിഹാരം ഉണ്ടാക്കിയാല്‍ ബിജെപിയുമായും അകാലി ഗ്രൂപ്പുകളുമായും സഖ്യത്തിലേര്‍പ്പെടുമെന്നും ക്യാപ്റ്റനുമായി ബന്ധമുള്ള വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.
കോണ്‍ഗ്രസുമായി തെറ്റിയതിന് പിന്നാലെ ബി.ജെ.പി നേതാവ് അമിത് ഷായുമായി അമരീന്ദര്‍ സിങ് ചര്‍ച്ച നടത്തിയത് ക്യാപ്റ്റന്‍ ബി.ജെ.പിയില്‍ ചേരുന്നു എന്ന അഭ്യൂഹങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ബി.ജെ.പിയിലേക്ക് ഇല്ലെന്ന് പിന്നീട് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പാര്‍ട്ടിയുടെ ചര്‍ച്ചകള്‍ സജീവമായത്.