ജഡ്ജിയെ കൊലപ്പെടുത്തിയത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത്; പിന്നില്‍ വന്‍ ഗൂഢാലോചന; ഉത്തം ആനന്ദിന്റെ മരണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st October 2021 12:43 PM  |  

Last Updated: 21st October 2021 12:47 PM  |   A+A-   |  

judge utham anand

ജഡ്ജിയെ വാഹനം ഇടിക്കുന്ന വീഡിയോ ദൃശ്യത്തില്‍ നിന്ന്

 

ന്യൂഡല്‍ഹി : ധന്‍ബാദ് ജില്ലാ ജഡ്ജി ഉത്തം ആനന്ദിന്റേത് കരുതിക്കൂട്ടിയുള്ള കൊലപാതകം ആണെന്ന് സിബിഐ. അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണ് ഇതെന്നും, ഇതിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുള്ളതായും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. 

ജൂലൈ 29 നാണ് ധന്‍ബാദ് ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയായിരുന്ന ഉത്തം ആനന്ദ് പ്രഭാത നടത്തത്തിനിടെ ഓട്ടോറിക്ഷ ഇടിച്ച് കൊല്ലപ്പെടുന്നത്. റോഡരികിലൂടെ നടക്കുകയായിരുന്ന ജഡ്ജിയെ പിന്നില്‍ നിന്നും വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. 

അപകടമരണം ആണെന്നായിരുന്നു ലോക്കല്‍ പൊലീസിന്റെ നിഗമനം. പൊലീസിന്റെ അന്വേഷണത്തിനെതിരെ ജഡ്ജിയുടെ കുടുംബം രംഗത്തു വന്നതിനെ തുടര്‍ന്ന് റാഞ്ചി ഹൈക്കോടതി അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചു. 

ശുക്ലയ്ക്ക് അന്വേഷണ ചുമതല

കേസ് അന്വേഷണത്തിന് 20 അംഗ പ്രത്യേക ടീമിനെയാണ് സിബിഐ നിയോഗിച്ചത്. മികച്ച അന്വേഷകനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അവാര്‍ഡ് നേടിയ വി കെ ശുക്ലയ്ക്കാണ് അന്വേഷണ മേല്‍നോട്ട ചുമതല. 

സിബിഐ നടത്തിയ അന്വേഷണത്തിലാണ് ജഡ്ജിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. ഓട്ടോ ഡ്രൈവര്‍ ലഖന്‍ വര്‍മ, കൂട്ടാളി രാഹുല്‍ വര്‍മ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. 

പിന്നില്‍ വന്‍ ഗൂഢാലോചന

ഇവര്‍ക്ക് പിന്നില്‍ വന്‍ സംഘമാണ് ജഡ്ജിയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതെന്ന് സിബിഐ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് എഫ്‌ഐആറുകള്‍ സിബിഐ രജിസ്റ്റര്‍ ചെയ്തിരുന്നു. 

ഓട്ടോറിക്ഷ മോഷണം പോയതും, മൊബൈല്‍ഫോണുകള്‍ മോഷണം പോയത് സംബന്ധിച്ചുമുള്ള കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഢന്‍ബാദ് സ്വദേശി സുഗാനി ദേവിയാണ്, തന്റെ വീട്ടില്‍ കിടന്ന ഓട്ടോറിക്ഷ ജൂലൈ 17 ന് രാത്രി 11 മണിക്ക് മോഷണം പോയതായി ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്. 

ധന്‍ബാദ് സ്വദേശിയായ പുരേന്ദു വിശ്വകര്‍മ തന്റെ വീട്ടില്‍ നിന്നും ജൂലൈ 29 ന് മൂന്ന് മൊബൈല്‍ഫോണുകള്‍ മോഷണം പോയതായും പരാതി നല്‍കിയിരുന്നു. മോഷ്ടിക്കപ്പെട്ട ഈ ഫോണുകളാണ് ഗൂഢാലോചന നടത്തിയവരും പ്രതികളും തമ്മില്‍ ബന്ധപ്പെടാന്‍ ഉപയോഗിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.