കൊറോണ എ വൈ 4 വകഭേദം ഇന്ത്യയിലും ; ഇന്‍ഡോറില്‍ രണ്ടു ഡോസ് വാക്‌സിനെടുത്ത ആറുപേര്‍ക്ക് വൈറസ് ബാധ

നാഷണല്‍ സെന്റര്‍ ഫോര്‍ ഡീസീസ് കണ്‍ട്രോളില്‍ നടത്തിയ പരിശോധനയിലാണ്  പുതിയ വകഭേദം കണ്ടെത്തിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി : കൊറോണ വൈറസിന്റെ പുതിയ വകഭേദം ഇന്ത്യയിലും കണ്ടെത്തി. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ച ആറുപേരില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ എ വൈ.4 സ്ഥിരീകരിച്ചു. ഡല്‍ഹി ആസ്ഥാനമായുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ ഡീസീസ് കണ്‍ട്രോളില്‍ നടത്തിയ പരിശോധനയിലാണ് ഇവരില്‍ പുതിയ വകഭേദം കണ്ടെത്തിയത്. 

വൈറസ് വകഭേദം

സെപ്റ്റംബറിലാണ് ഇവരുടെ സാമ്പിളുകള്‍ ജനിതക ശ്രേണി കണ്ടെത്താനുള്ള പരിശോധനയ്ക്കയച്ചതെന്ന് മധ്യപ്രദേശ് ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ബി എസ് സത്യ പറഞ്ഞു.ആദ്യമായാണ് സംസ്ഥാനത്ത് കോവിഡിന്റെ ഈ വകഭേദം കണ്ടെത്തുന്നത്. വൈറസ് വകഭേദം കണ്ടെത്തിയ ആറുപേരും രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവരാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലും ഒരു ശതമാനം സാംപിളുകളിലും എവൈ 4 വകഭേദം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. 

ഇന്‍ഡോറില്‍ രോഗബാധ സ്ഥിരീകരിച്ച ആറു പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ള അമ്പതോളം പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ഇവര്‍ ആരോഗ്യവാന്മാരാണെന്നും അധികൃതര്‍ അറിയിച്ചു. എവൈ.4 എന്ന പുതിയ വകഭേദം സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇത് മൂലം ഉണ്ടാകുന്ന രോഗത്തിന്റെ തീവ്രത സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്നും ഇന്‍ഡോറിലെ മഹാത്മഗാന്ധി മെഡിക്കല്‍ കോളേജിലെ മൈക്രോ ബയോളജി മേധാവി ഡോ. അനിത മുത്ത പറഞ്ഞു.

എവൈ 4 വകഭേദം പടരുന്നു

ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങളിലാണ് ഡെല്‍റ്റ വകഭേദത്തിന്റെ പുതിയ മ്യൂട്ടേഷനായ എവൈ 4 വകഭേദം പടരുന്നത്. ജൂലൈ ആദ്യമാണ് ബ്രിട്ടനില്‍ എവൈ 4 വകഭേദം കണ്ടെത്തുന്നത്. ഇതിനോടകം 15,000 എവൈ 4 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന് പുറമെ, കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍, അമേരിക്ക എന്നിവിടങ്ങളിലും എവൈ 4 വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com