എല്ലാ പ്രധാന സാക്ഷികളുടേയും രഹസ്യമൊഴി രേഖപ്പെടുത്തണം; ലഖിംപൂര്‍ കേസില്‍ സുപ്രീംകോടതി

കേസിലെ എല്ലാ സാക്ഷികള്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്നും സുപ്രീംകോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നിര്‍ദേശം നല്‍കി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ അടക്കം എട്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ എല്ലാ പ്രധാന സാക്ഷികളുടേയും രഹസ്യമൊഴി രേഖപ്പെടുത്താന്‍ യുപി പൊലീസിനോട് സുപ്രീംകോടതി. രഹസ്യമൊഴി രേഖപ്പെടുത്താന്‍ മജിസ്‌ട്രേറ്റുമാരെ ലഭിച്ചില്ലെങ്കില്‍, തൊട്ടടുത്ത മജിസ്‌ട്രേറ്റുമാരുടെ സഹായത്തോടെ മൊഴി രേഖപ്പെടുത്താന്‍ സുപ്രീംകോടതി ജില്ലാ ജഡ്ജിക്ക് നിര്‍ദേശം നല്‍കി. 

കേസിലെ എല്ലാ സാക്ഷികള്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്നും സുപ്രീംകോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കേസില്‍ യുപി സര്‍ക്കാര്‍ നല്‍കിയ രണ്ടാമത്തെ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് പരിഗണിച്ചശേഷമായിരുന്നു കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കൊഹ് ലി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

23 ദൃക്‌സാക്ഷികള്‍ മാത്രമേയുള്ളോ ?

നൂറോളം കര്‍ഷകര്‍ റാലി നടത്തുമ്പോഴാണ് വാഹനം പാഞ്ഞുകയറിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്. അപ്പോള്‍ 23 ദൃക്‌സാക്ഷികള്‍ മാത്രമേയുള്ളോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. 68 സാക്ഷികളില്‍ 30 പേരുടെ രഹസ്യമൊഴി 164-ാം വകുപ്പ് പ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 23 പേര്‍ ദൃക്‌സാക്ഷികളെന്ന് അവകാശപ്പെടുന്നു. ഭൂരിഭാഗം പേരും ഔപചാരിക സാക്ഷികളാണെന്നും യുപി സര്‍ക്കാരിന് വേണ്ടി ഹാജരായ ഹരീഷ് സാല്‍വേ പറഞ്ഞു. 

കേസിലെ 16 പ്രതികളെ തിരിച്ചറിഞ്ഞു. സാക്ഷികള്‍ക്ക് സുരക്ഷ നല്‍കിയിട്ടുണ്ടെന്നും  ഹരീഷ് സാല്‍വെ വ്യക്തമാക്കി. ഫൊറന്‍സിക് റിപ്പോര്‍ട്ടും ഡിജിറ്റല്‍ തെളിവുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടും എത്രയും വേഗം സമര്‍പ്പിക്കണം. അല്ലെങ്കില്‍ ലാബുകള്‍ക്ക് തങ്ങള്‍ നേരിട്ട് നിര്‍ദേശം നല്‍കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ലഖിംപൂര്‍ സംഭവത്തിനിടെ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രത്യേക റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദേശിച്ചു. 

കേസിന്റെ അന്വേഷണ പുരോഗതിയും, യുപി സര്‍ക്കാര്‍ എടുക്കുന്ന നടപടികളും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കേസ് നവംബര്‍ എട്ടിന് വീണ്ടും പരിഗണിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ലഖിംപൂര്‍ കേസ് ഒരിക്കലും അവസാനിക്കാത്ത കഥയായി മാറരുതെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു. കേസന്വേഷണത്തില്‍ യുപി സര്‍ക്കാരിന്റെ മെല്ലെപ്പോക്കില്‍ കോടതി കടുത്ത അതൃപ്തിയും പ്രകടിപ്പിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com