'ലഹരിമരുന്ന് കൊണ്ടുവെച്ചത് എന്‍സിബി, ദീപിക പദുകോണ്‍ ഉള്‍പ്പെടെ നിരവധിപ്പേരെ ഭീഷണിപ്പെടുത്തി പണം തട്ടി', സമീര്‍ വാങ്കഡെയ്ക്ക് കുരുക്ക് മുറുകുന്നു, കത്ത് പുറത്തുവിട്ട് മഹാരാഷ്ട്ര മന്ത്രി 

ആര്യന്‍ഖാന്‍ അറസ്റ്റിലായ ലഹരിമരുന്ന് കേസില്‍ എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയ്ക്ക് കുരുക്ക് മുറുകുന്നു
സമീര്‍ വാങ്കഡെ
സമീര്‍ വാങ്കഡെ

മുംബൈ: ആര്യന്‍ഖാന്‍ അറസ്റ്റിലായ ലഹരിമരുന്ന് കേസില്‍ എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയ്‌ക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി മഹാരാഷ്ട്രാ മന്ത്രി. വാങ്കഡെയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങള്‍ നിരത്തിയ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ജീവനക്കാരന്റെ കത്ത് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്ക് പുറത്തുവിട്ടു. ലഹരിമരുന്ന് കൊണ്ടുവെച്ചത് എന്‍സിബിയെന്ന് വെളിപ്പെടുത്തുന്ന കത്ത് പുറത്തുവിട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ 26 കേസില്‍ സമീര്‍ വാങ്കഡെ നിയമങ്ങള്‍ പാലിച്ചില്ലെന്നും നവാബ് മാലിക് ആരോപിക്കുന്നു.

ലഹരിമരുന്ന് കേസില്‍ കോഴ ചോദിച്ചു എന്ന ആരോപണത്തില്‍ അന്വേഷണ നിഴലില്‍ നില്‍ക്കുന്ന സമീര്‍ വാങ്കഡെയ്ക്ക് പുതിയ വെളിപ്പെടുത്തല്‍ തിരിച്ചടിയായി. ലഹരിമരുന്ന് കൊണ്ടുവെച്ചത് എന്‍സിബിയെന്ന് ആരോപിക്കുന്ന കത്തില്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരുടെ പേരും പരാമര്‍ശിച്ചിട്ടുണ്ട്. ദീപിക പദുകോണ്‍, രാകുല്‍ പ്രീത് സിംഗ് ഉള്‍പ്പെടെ നിരവധി ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി സമീര്‍ പണം തട്ടിയെന്നും കത്തില്‍ പറയുന്നതായി നവാബ് മാലിക് ആരോപിച്ചു. ഇത് ലഹരിമരുന്ന് മാഫിയയുമായുള്ള സമീര്‍ വാങ്കഡെയുടെ ബന്ധമാണ് കാണിക്കുന്നത്. 26 കേസുകളില്‍ നിയമം പാലിക്കാതെയാണ് സമീര്‍ ഇടപെട്ടത്. നിരവധിപ്പേരെ കള്ളക്കേസില്‍ കുടുക്കിയതായും എന്‍സിബി ജീവനക്കാരന്റെ കത്തില്‍ പറയുന്നതായും നവാബ് മാലിക് പറയുന്നു.

ലഹരിമരുന്ന് കേസ്‌

എന്‍സിബി ജീവനക്കാരന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തണം. കത്ത് നര്‍ക്കോട്ടിക്‌സ് ഡയറക്ടര്‍ ജനറലിന് കൈമാറുമെന്നും നവാബ് മാലിക് അറിയിച്ചു. 'ഏജന്‍സിക്കെതിരെയല്ല എന്റെ യുദ്ധം. അനീതിക്കെതിരെയാണ് പോരാടുന്നത്. തട്ടിപ്പിലൂടെ ജോലിയില്‍ പ്രവേശിച്ച ആളെ തുറന്നുകാട്ടാനാണ് ശ്രമിക്കുന്നത്. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് സമീര്‍ എന്‍സിബിയില്‍ ജോലി തരപ്പെടുത്തിയത്. ചില ആളുകളുടെ ഫോണ്‍ അനധികൃതമായി ചോര്‍ത്തിയതിലും സമീര്‍ പങ്കാളിയായി'- നവാബ് മാലിക് ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com