ബിഗ് ബി താരം നഫീസ അലി തൃണമുൽ കോൺഗ്രസിൽ; പാർട്ടി പ്രവേശനം മമതയുടെ സാന്നിധ്യത്തിൽ, ചിത്രങ്ങൾ
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th October 2021 01:14 PM |
Last Updated: 29th October 2021 01:19 PM | A+A A- |

ഫോട്ടോ: ട്വിറ്റർ
പനാജി: നടിയും മുൻ മിസ് ഇന്ത്യയുമായ നഫീസ അലിയും മൃനാളിനി ദേശ്പ്രഭുവും തൃണമുൽ കോൺഗ്രസിൽ ചേർന്നു. ഗോവയിൽ പാർട്ടി അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും പാർട്ടി പ്രവേശനം. 2022ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഗോവയിൽ ചുവടുറപ്പിക്കുന്നതിൻറെ ഭാഗമായാണ് പ്രമുഖരെ പാർട്ടിയിൽ അണിനിരത്തുന്നത്.
നഫീസ അലിയും മൃനാളിനി ദേശ്പ്രഭുവും തൃണമുൽ കുടുംബത്തിൽ ചേർന്നെന്നും ഇരുവരെയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നെന്നും ടിഎംസി ട്വിറ്ററിൽ കുറിച്ചു.
ബിഗ് ബിയിലെ മേരി ടീച്ചർ
മമ്മൂട്ടിയുടെ ബിഗ് ബി എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് നഫീസ അലി. മേരി ജോൺ കുരിശിങ്കൽ എന്ന കഥാപാത്രത്തെയാണ് ബിഗ്ബിയിൽ നഫീസ അവതരിപ്പിച്ചത്. സാമൂഹ്യപ്രവർത്തക കൂടിയായ നഫീസ അലി എയിഡ്സ് ബോധവത്കരണ മേഖലയിൽ പ്രവർത്തിക്കുന്ന ആക്ഷൻ ഇന്ത്യ എന്ന സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവമാണ്. 2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സൗത്ത് കൊൽക്കത്ത മണ്ഡലത്തിൽ മത്സരിച്ച് പരാജയപ്പെട്ടു. 1976-ൽ പത്തൊൻപതാം വയസിൽ ഫെമിന മിസ്സ് ഇന്ത്യ കിരീടം ചൂടിയിട്ടുണ്ട്.