പ്രധാനമന്ത്രി - മാര്‍പാപ്പ നിര്‍ണായക കൂടിക്കാഴ്ച ഇന്ന് വത്തിക്കാനില്‍; ജി-20 ഉച്ചകോടിക്കും ഇന്ന് തുടക്കം

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രാഷ്ട്രനേതാക്കളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്
മോദി ​ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തുന്നു/ ട്വിറ്റർ ചിത്രം
മോദി ​ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തുന്നു/ ട്വിറ്റർ ചിത്രം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് നിര്‍ണായക കൂടിക്കാഴ്ച നടക്കുക. വത്തിക്കാനും ഇന്ത്യയും തമ്മിലുള്ള ബന്ധത്തില്‍ പുതുചരിത്രം കുറിക്കുന്നതായും മോദിമാര്‍പാപ്പ കൂടിക്കാഴ്ച. 

മോദി മാര്‍പാപ്പയെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിക്കുമെന്നാണ് രാജ്യത്തെ ക്രൈസ്തവ സമൂഹം പ്രതീക്ഷിക്കുന്നത്. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ഏറ്റവുമൊടുവില്‍ ഇന്ത്യ സന്ദര്‍ശിച്ചത്. 2000 ല്‍ പ്രധാനമന്ത്രിയായിരുന്ന എ ബി വാജ്‌പേയ് വത്തിക്കാനില്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചിരുന്നു. 1964ല്‍ പോള്‍ ആറാമനാണ് ആദ്യമായി ഇന്ത്യ സന്ദര്‍ശിച്ച മാര്‍പാപ്പ.

ഇറ്റലിയിലെ റോമില്‍ ജി-20 ഉച്ചകോടിക്കും ഇന്ന് തുടക്കമാകും. ഒക്ടോബര്‍ 30,31 തീയതികളില്‍ റോമിലാണ് ഉച്ചകോടി നടക്കുന്നത്. കാലാവസ്ഥ വ്യതിയാനം, കോവിഡ് മഹാമാരി, പകര്‍ച്ചവ്യാധിക്ക് ശേഷം സാമ്പത്തിക രംഗത്തെ വീണ്ടെടുക്കല്‍ തുടങ്ങിയവ ഉച്ചകോടിയില്‍ ചര്‍ച്ചയാകും. 

ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ഇറ്റലിയിലെത്തി. റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധി പ്രതിമ സന്ദര്‍ശിച്ച്  പുഷ്പാര്‍ച്ചന നടത്തി. റോമിലെ ഇന്ത്യന്‍ സമൂഹവുമായും അദ്ദേഹം സംവദിച്ചു. 

യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കല്‍, റോമിലെ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ദെര്‍ ലെയെന്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രോഗിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് നരേന്ദ്രമോദി ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഡ്രോഗിയുമായി മോദി പ്രത്യേക ചര്‍ച്ചയും നടത്തും.

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രാഷ്ട്രനേതാക്കളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്.  12 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി റോമിലെത്തുന്നത്. 30, 31 തിയതികളിലാണ് ജി20 ഉച്ചകോടി നടക്കുക. റോം സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി ഇംഗ്ലണ്ടിലേക്ക് പോകും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com