ദലിത് യുവാവിനെ കല്യാണം കഴിച്ചു, നദിയില്‍ മുക്കി; മുടി മുറിച്ച് 'ശുദ്ധീകരണം', മാതാപിതാക്കള്‍ക്കെതിരെ കേസ് 

മധ്യപ്രദേശില്‍ ദലിത് വിഭാഗത്തില്‍പ്പെട്ട യുവാവിനെ കല്യാണം കഴിച്ചതിന് വീട്ടുകാരില്‍ നിന്ന് യുവതി നേരിടേണ്ടി വന്നത് കടുത്ത പീഡനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: മധ്യപ്രദേശില്‍ ദലിത് വിഭാഗത്തില്‍പ്പെട്ട യുവാവിനെ കല്യാണം കഴിച്ചതിന് വീട്ടുകാരില്‍ നിന്ന് യുവതി നേരിടേണ്ടി വന്നത് കടുത്ത പീഡനം. യുവതിയെ 'പരിശുദ്ധയാക്കാന്‍' എന്ന പേരില്‍ നര്‍മദ നദിയില്‍ മുങ്ങാന്‍ നിര്‍ബന്ധിക്കുകയും മുടി മുറിക്കുകയും ചെയ്തതായി ദമ്പതികള്‍ പരാതി നല്‍കി.

ഓഗസ്റ്റിലാണ് സംഭവം. യുവതിയുടെ വീട്ടുകാരില്‍ നിന്ന് സംരക്ഷണം തേടി ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. യുവതിയെ കൊണ്ട് സ്വന്തം സമുദായത്തില്‍ നിന്ന് മറ്റൊരു വിവാഹം കഴിപ്പിക്കാന്‍ ബന്ധുക്കള്‍ നിര്‍ബന്ധിക്കുന്നുവെന്ന് പരാതിയില്‍ പറയുന്നു. യുവതിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ കുടുംബത്തിലെ നാലുപേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. 

മാതാപിതാക്കള്‍ക്കെതിരെ യുവതിയുടെ പരാതി

കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് രഹസ്യമായി യുവതി ദലിത് വിഭാഗത്തില്‍പ്പെട്ട യുവാവിനെ കല്യാണം കഴിച്ചത്. ഡിസംബറിലാണ് കല്യാണത്തെ കുറിച്ച് യുവതിയുടെ കുടുംബം അറിയുന്നത്. 24കാരി യുവാവിനൊപ്പമാണ് താമസിക്കുന്നത് എന്ന് അറിഞ്ഞ കുടുംബം യുവതിയെ കാണാനില്ലെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കി.  തുടര്‍ന്ന് പൊലീസ് യുവതിയെ കണ്ടെത്തി വീട്ടുകാരുടെ അടുത്തെത്തിച്ചു. കോളജ് വിദ്യാര്‍ഥിനിയായ യുവതി ഈ വര്‍ഷം മാര്‍ച്ചില്‍ ഹോസ്റ്റിലേക്ക് മാറി.

ഓഗസ്റ്റില്‍ യുവതിയെ നര്‍മദ നദിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.  മുങ്ങി കുളിച്ചതിന് ശേഷമാണ് ദലിത് യുവാവിനെ കല്യാണം കഴിച്ചതിന് തന്നെ 'പരിശുദ്ധയാക്കാനാണ് ' വീട്ടുകാര്‍ നദിയിലേക്ക് കൊണ്ടുവന്നതെന്ന് യുവതി തിരിച്ചറിഞ്ഞത്. വീട്ടുകാര്‍ തന്നെയാണ്  ഇക്കാര്യം യുവതിയോട് പറഞ്ഞത്. ചടങ്ങിന് പിന്നാലെ യുവതിയെ കൊണ്ടു സ്വന്തം സമുദായത്തില്‍പ്പെട്ട മറ്റൊരു യുവാവിനെ കൊണ്ട് കല്യാണം കഴിപ്പിക്കാനാണ് വീട്ടുകാര്‍ ശ്രമിച്ചതെന്നും 24കാരിയുടെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഒക്ടോബര്‍ 28നാണ് യുവതി വീട്ടുകാരില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. 

തങ്ങളെ യുവതിയുടെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തുന്നതായി യുവാവ് പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ സംരക്ഷണം തേടി എത്തുകയായിരുന്നുവെന്ന് ഭര്‍ത്താവ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com