രാജ്യത്ത് പ്രായപൂർത്തിയായവരിൽ 16 ശതമാനം പേർ വാക്സിൻ രണ്ട് ഡോസും എടുത്തു; ഒരു ഡോസ് എടുത്തത് 54 ശതമാനം

രാജ്യത്ത് പ്രായപൂർത്തിയായവരിൽ 16 ശതമാനം പേർ വാക്സിൻ രണ്ട് ഡോസും എടുത്തു; ഒരു ഡോസ് എടുത്തത് 54 ശതമാനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: രാജ്യത്ത് പ്രായപൂർത്തിയായവരിൽ 16 ശതമാനം പേർക്ക് പൂർണമായും വാക്സിൻ നൽകിയതായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം. 54 ശതമാനം പേർക്ക് ഒന്നാം ഡോസും നൽകിയതായും മന്ത്രാലയം വ്യക്തമാക്കി. 

ഓഗസ്റ്റ് മാസത്തിൽ മാത്രം 18.38 കോടി ഡോസ് വാക്‌സിൻ നൽകിയതായി രാജ്യത്തെ വാക്‌സിനേഷൻ ഡ്രൈവിനെക്കുറിച്ച് സംസാരിക്കവെ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു. ഒരു ദിവസം ശരാശരി 59.29 ലക്ഷം ഡോസ് എന്ന നിലയിലാണ് ഓഗസ്റ്റ് മാസത്തിൽ വാക്‌സിൻ വിതരണം നടന്നത്. അവസാന ആഴ്ചയിൽ പ്രതിദിനം 80 ലക്ഷത്തിലധികം ഡോസുകൾ നൽകാനായെന്നും അദ്ദേഹം പറഞ്ഞു.

സിക്കിം, ദാദ്ര നാഗർ ഹവേലി, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ മുതിർന്നവരുടെ ജനസംഖ്യയുടെ 100 ശതമാനം പേർക്കും പ്രതിരോധ കുത്തിവെപ്പ് നൽകി. 'സിക്കിമിൽ ജനസംഖ്യയുടെ 36 ശതമാനം പേർക്ക് രണ്ടാമത്തെ ഡോസ് നൽകി, ദാദ്ര നഗർ ഹവേലി 18 ശതമാനം പേർക്കും ഹിമാചൽ പ്രദേശ് 32 ശതമാനം പേർക്കും രണ്ടാമത്തെ ഡോസ് വാക്‌സിൻ നൽകി'- രാജേഷ് ഭൂഷൺ വ്യക്തമാക്കി. 

ഒരു ലക്ഷത്തിലധികം സജീവ കേസുകളുള്ള കേരളത്തെയാണ് ഈ ഘട്ടത്തിൽ കോവിഡ് എറ്റവും അധികം ബാധിച്ചിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 'ഒരു ലക്ഷത്തിലധികം സജീവ കേസുകളുള്ള സംസ്ഥാനമാണ് കേരളം. മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളിലും 10,000 മുതൽ ഒരു ലക്ഷം വരെ സജീവ കേസുകളുണ്ട്. ബാക്കി സംസ്ഥാനങ്ങളിൽ 10,000-ൽ താഴെ സജീവ കേസുകളാണ് ഉള്ളത്. '- രാജേഷ് ഭൂഷൺ പറഞ്ഞു.

ജൂണിൽ പ്രതിദിനം 100 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന ജില്ലകളുടെ എണ്ണം 279 ആയിരുന്നു. ഓഗസ്റ്റ് അവസാനത്തോടെ അത് 42 ജില്ലകളായി കുറഞ്ഞുവെന്നും രാജേഷ് ഭൂഷൺ കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com