നിയമസഭയില്‍ ഹനുമാന്‍ ചാലിസ ജപിക്കാന്‍ പ്രത്യേകമുറി വേണം; ബിജെപി എംഎല്‍എ 

ഭരണഘടന എല്ലാവര്‍ക്കും തുല്യാവകാശം വിഭാവന ചെയ്യുന്നതിനാല്‍ നിസ്‌കാരത്തിന് മുറി നല്‍കിയാല്‍ ഹനുമാന്‍ ചാലീസയ്ക്കും അതനുവദിക്കണം
ബിജെപി എംഎല്‍എ ഹരിഭൂഷണ്‍ ഠാക്കൂര്‍
ബിജെപി എംഎല്‍എ ഹരിഭൂഷണ്‍ ഠാക്കൂര്‍

പറ്റ്‌ന: ഝാര്‍ഖണ്ഡ് നിയമസഭാ മന്ദിരത്തില്‍ നിസ്‌കാരത്തിന് പ്രത്യേക മുറി അനുവദിച്ച സാഹചര്യത്തില്‍ ഹനുമാന്‍ ചാലിസ ജപിക്കാന്‍ ബിഹാര്‍ നിയമസഭയില്‍ പ്രത്യേക മുറിവേണമെന്ന് ബിജെപി എംഎല്‍എ ഹരിഭൂഷണ്‍ ഠാക്കൂര്‍. ചൊവ്വാഴ്ച അവധി ദിനമാക്കണമെന്നും ഠാക്കൂര്‍ ആവശ്യപ്പെട്ടു. 

ഭരണഘടന എല്ലാവര്‍ക്കും തുല്യാവകാശം വിഭാവന ചെയ്യുന്നതിനാല്‍ നിസ്‌കാരത്തിന് മുറി നല്‍കിയാല്‍ ഹനുമാന്‍ ചാലീസയ്ക്കും അതനുവദിക്കണം അദ്ദേഹം പറഞ്ഞു. സംഭവം വിവാദമാക്കി ബിജെപി സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നു ആര്‍ജെഡി വക്താവ് മൃത്യുഞ്ജയ് തിവാരി കുറ്റപ്പെടുത്തി. ഝാര്‍ഖണ്ഡിലെ സാഹചര്യം കണക്കിലെടുത്താണ് അവിടെ നമാസിനു മുറി അനുവദിച്ചത്. ബിഹാറില്‍ ഭരണത്തിലുള്ള ബിജെപി ആരോടാണ് ആവശ്യമുന്നയിക്കുന്നതെന്നും തിവാരി ചോദിച്ചു.

മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ആവശ്യപ്പെട്ട് നിയമസഭാ മന്ദിരത്തിലോ, പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു പറഞ്ഞു പാര്‍ലമെന്റ് മന്ദിരത്തിലോ പ്രാര്‍ഥനാ സൗകര്യമുണ്ടാക്കാന്‍ പ്രയാസമില്ലല്ലോ. ആര്‍ജെഡിക്ക് ഇത്തരം കാര്യങ്ങളെ പിന്തുണയ്ക്കാനാകില്ലെന്നും തിവാരി വ്യക്തമാക്കി. അതേസമയം, നിയമസഭാ മന്ദിരത്തില്‍ നമാസിനു മുറി അനുവദിച്ചതിനെതിരെ ഝാര്‍ഖണ്ഡില്‍ ബിജെപി എംഎല്‍എമാര്‍ പ്രതിഷേധം തുടരുകയാണ്.

ഝാര്‍ഖണ്ഡ് നിയമസഭാ മന്ദിരത്തിനുള്ളില്‍ രണ്ടു ദിവസമായി ബിജെപി എംഎല്‍എമാര്‍ ഭജനയും ഹനുമാന്‍ ചാലീസ ജപവുമായി സമരത്തിലാണ്. നമാസിനു മുറി അനുവദിച്ചതിനെതിരെ ബിജെപി നേതൃത്വം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com